
പത്തു മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുമെന്ന് വാഗ്ദാനം നല്‍കി ആളുകളെ പറ്റിച്ച് തൃശൂരില്‍ നിന്ന് നാടുവിട്ട രാജേഷ് മലാക്ക കോയമ്പത്തൂരില്‍ അറസ്റ്റിലായി. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. േകരളത്തിലുടനീളം നൂറു കോടി രൂപയോളം വഞ്ചിച്ചെന്നാണ് കേസ്.
നിങ്ങളെ ഞാന്‍ കോടീശ്വരന്‍മാരാക്കാം. ഇതിനോടകം ഇരുന്നൂറു കോടീശ്വരന്‍മാരെ സൃഷ്ടിച്ചു. ഈ വാഗ്ദാനം കേട്ടവരെല്ലാം രാജേഷ് മലാക്കയുടെ കെണിയില്‍ വീണു. പത്തു മാസം കൊണ്ട് പണം ഇരട്ടിക്കുമെന്ന് കേട്ട് കടംവാങ്ങി വരെ ആളുകള്‍ നിക്ഷേപം നടത്തി. ക്രിപ്റ്റോ കറന്‍സി ഇടപാട്, ക്രൂഡോയില്‍ ബിസിനസ് തുടങ്ങി സാധാരണക്കാര്‍ക്കു മനസിലാകാത്ത ഒരോ പേരുകള്‍ പറഞ്ഞായിരുന്നു നിക്ഷേപങ്ങള്‍ വാങ്ങിയത്. അന്‍പതിനായിരം രൂപ നിക്ഷേപിച്ചാല്‍ രണ്ടായിരം രൂപ വരെ പ്രതിദിനം കിട്ടുമെന്ന് വിശ്വസിപ്പിച്ചു. മൈ ക്ലബ് ട്രേഡിങ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്ക് എന്നീ പേരുകളിലായിരുന്നു പണം നിക്ഷേപിച്ചത്. വെറും എട്ടാംക്ലാസ് വരെ പഠിച്ച രാജേഷ് മലാക്ക കോടികള്‍ കൊയ്തു. തൃശൂര്‍ മലാക്കയില്‍ ബംഗ്ലാവ്.
നൂറുകണക്കിനു പശുക്കളുമായി ഫാം ഹൗസ്. മലാക്ക രാജയെന്ന പേരില്‍ കുതിര. വാഹനങ്ങളില്‍ എല്ലാം മലാക്ക രാജ. കോയമ്പത്തൂരില്‍ കഴിഞ്ഞിരുന്ന വാടക ബംഗ്ലാവിന് പ്രതിമാസം നാല്‍പതിനായിരം രൂപ നല്‍കണം. അംഗരക്ഷകരുടെ അകമ്പടി. അങ്ങനെ, സിനിമാ സ്റ്റൈലില്‍ രാജാവായി വിലസിയ രാജേഷിനെ പൂട്ടിട്ടത് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യയാണ്. തമിഴ്നാട് പൊലീസിന്റെ സഹകരണം കമ്മിഷണര്‍ക്കു ലഭിച്ചു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സംഘത്തെ കോയമ്പത്തൂരിലേക്ക് അയച്ചായിരുന്ന പൊലീസ് നീക്കം. അംഗരക്ഷകരെ തമിഴ്നാട് , കേരള പൊലീസുകാര്‍ സംയുക്തമായി വിരട്ടിയാണ് വീട്ടിലേക്ക് കയറിയും രാജേഷ് മലാക്കയെ പിടിച്ചതും. ആറു മാസമായി പൊലീസ് തിരയുകയായിരുന്നു. നേരത്തേയും സമാനമായ തട്ടിപ്പുക്കേസുകളില്‍ പ്രതിയാണ് രാജേഷെന്ന് പൊലീസ് പറഞ്ഞു.
