

വീട്ടിലെത്താൻ വൈകിയെന്ന കാരണത്താൽ അച്ഛൻ കുട്ടികളെ പട്ടിക കൊണ്ട് തല്ലിയതായി പരാതി. പതിനാറുകാരന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റതിനൊപ്പം തടയാൻ ശ്രമിച്ച സഹോദരനും മർദനമേറ്റിട്ടുണ്ട്.
ചാലിശ്ശേരി അത്താണി പടിയിലാണ് കഴിഞ്ഞദിവസം രാത്രിയില്‍ കുട്ടികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകി. വഴിയില്‍ കാത്ത് നില്‍ക്കുകയായിരുന്നു പിതാവ്. താമസിച്ചതിന്റെ കാരണം തിരക്കുന്നതിനിടയില്‍ പിതാവ് കുട്ടികളെ ക്രൂരമായി മര്‍ദിച്ചു. സഹോദരനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിക്കും മര്‍ദനമേറ്റു.
ക്രൂരമായി മര്‍ദനമേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. പിതാവ് മദ്യലഹരിയിലാണ് കുട്ടികളെ മര്‍ദിച്ചതെന്നാണ് പൊലീസ് നിഗമനം. ആക്രമണത്തിന് പിന്നാലെ വീട് വിട്ടിറങ്ങിയ പിതാവ് ഒളിവിലാണ്.