
ആലപ്പുഴ മണ്ണഞ്ചേരിയിൽ വീട് കുത്തിത്തുറന്ന് കവര്‍ച്ച. ഉറങ്ങികിടന്ന കുട്ടിയുടെ സ്വർണ മാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുമാണ് കവർന്നത്. മണ്ണഞ്ചേരി എട്ടുകണ്ടത്തിൽ അബ്ദുൽ കരീമിന്റെ വീട്ടിലാണ് കഴിഞ്ഞരാത്രി കവർച്ച നടന്നത്. വ്യാഴാഴ്ച്ച പുലർച്ചെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അബ്ദുൾകരീമിന്റെ പേരക്കുട്ടിയുടെ കഴുത്തിൽ കിടന്നിരുന്ന മുക്കാൽ പവൻ മാലയാണ് മോഷ്ടാക്കൾ കവർന്നത്. വീടിന്റ മുകളിലത്തെ നിലയിൽ ഉറങ്ങികിടക്കുകയായിരുന്നു കുട്ടിയും മാതാവും. മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല, ഒരു ജോഡി കമ്മൽ, റിങ്ങ് തുടങ്ങി നാലര പവനോളം സ്വർണാഭരണങ്ങളും നാലായിരം രൂപയും കവർന്നു.
അടുക്കള വാതിലിന് പുറത്തുള്ള ഗ്രിൽ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ അടുക്കള വാതിലും തകർത്താണ് വീടിനുള്ളിൽ പ്രവേശിച്ചത് മണ്ണഞ്ചേരി പൊലീസ് പ്രിൻസിപ്പൽ എസ്.ഐ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.
