
ഉത്തരഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് പിന്നിലുള്ള മലനിരകളിൽ ഹിമപാതം. ഭീമാകാരത്തിലുള്ള ഹിമപാതത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഞായറാഴ്ചയാണ് ക്ഷേത്രത്തിന് പിറകിലുള്ള മലനിരകളിൽ നിന്നും മഞ്ഞിന്റെ സുനാമി രൂപം കൊണ്ടത്. താഴെയ്‌ക്കു അതിവേഗം മഞ്ഞുമലകൾ ഇടിഞ്ഞുവരുന്നതിന്റെ ദൃശ്യം ഭയപ്പെടുത്തുന്നതാണ്.
ഇന്ന് പുലർച്ചെ കേദാർനാഥ് ക്ഷേത്രത്തിന് തൊട്ടുമുകളിലുള്ള ഹിമാലയൻ മലനിരയിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. ക്ഷേത്രത്തിന് ഏതാനും മീറ്ററുകൾ മാത്രം മുകളിലെ മഞ്ഞുമലയാണ് ഇടിഞ്ഞത്. മഞ്ഞുപാളികൾ വഴിമാറി അഗാധ ഗർത്തത്തിലേയ്‌ക്ക് പതിച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നും രുദ്രപ്രയാഗ് ജില്ലാഭരണകൂടം അറിയിച്ചു. ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹിമപാതമാണിത്. പ്രകൃതിക്ഷോഭങ്ങൾ തുടർച്ചയായതോടെ ഉത്തരഖണ്ഡിലേക്കുള്ള യാത്ര അധികാരികൾ നിരോധിച്ചു.
