
കണ്ടക്ടർ യാത്രക്കാരെ അസഭ്യം പറയുന്ന വീഡിയോയിൽനിന്ന്
തിരുവനന്തപുരം: നിർത്തിയിട്ട ബസിൽ നേരത്തെ കയറിയതിന് യാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടർ. ബസിലുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞ കണ്ടക്ടർ, ഇവരെയെല്ലാം ബസിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെയും കണ്ടക്ടർ അധിക്ഷേപിച്ചു.
ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകാനുള്ള ബസ് സ്റ്റാൻഡിൽ എത്തിയതോടെയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ബസിൽ കയറിയത്. എന്നാൽ തനിക്ക് ബസിലിരുന്ന് ഭക്ഷണം കഴിക്കണമെന്നും എല്ലാവരും ഇറങ്ങിപ്പോകണമെന്നുമായിരുന്നു വനിതാ കണ്ടക്ടറുടെ ആവശ്യം. പുറത്ത് നല്ല വെയിലാണെന്നും താങ്കൾ ഒരു സീറ്റിലിരുന്ന് ഭക്ഷണം കഴിച്ചോളൂവെന്നും യാത്രക്കാർ പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാർക്ക് നേരേ അസഭ്യവർഷം നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കണ്ടക്ടറുടെ അസഭ്യവർഷം തുടർന്നതോടെ ചില യാത്രക്കാർ ആദ്യം ബസിൽനിന്നിറങ്ങി. കൈക്കുഞ്ഞുമായെത്തിയ സ്ത്രീകൾ അടക്കമുള്ളവർ ഈ സമയം ബസിലുണ്ടായിരുന്നു. ഇതിനുശേഷവും ഇറങ്ങാൻ കൂട്ടാക്കാത്തവരെ കണ്ടക്ടർ വീണ്ടും തെറിവിളിച്ചു. ഇതോടെ യാത്രക്കാരെല്ലാം ബസിൽനിന്ന് ഇറങ്ങുകയായിരുന്നു. എന്നാൽ ബസിൽനിന്ന് ഇറങ്ങിയശേഷവും വനിതാ കണ്ടക്ടർ തെറിവിളി തുടർന്നു. രൂക്ഷമായ അസഭ്യവർഷമാണ് കണ്ടക്ടർ സ്ത്രീകൾക്ക് നേരേ നടത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചോടെ കെ.എസ്.ആർ.ടി.സി.യിലും പരാതി എത്തി. ആറ്റിങ്ങൽ ഡിപ്പോയിൽ ജോലിചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരുവിവരങ്ങളോ മറ്റോ വെളിപ്പെടുത്താൻ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥർ ഇതുവരെ തയ്യാറായിട്ടില്ല.
