കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി; അന്ത്യം ചെന്നൈയില്‍

സമുന്നത സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 68 വയസാണ്. സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. അര്‍ബുദരോഗബാധിതനായി ചെന്നൈയില്‍ ചികില്‍സയിലായിരുന്നു. തലശേരിയില്‍നിന്ന് അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തര, ടൂറിസം മന്ത്രിയുമായി. വി.എസ്.മന്ത്രിസഭയിലെ രണ്ടാമനായിരുന്നു.

ഒരു പതിറ്റാണ്ടുകാലം സിപിഎമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ ഏകശിലാരൂപമാക്കി തീര്‍ക്കുന്നതിന് പിണറായി വിജയനൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിച്ച സൗമ്യനും കര്‍ക്കശക്കാരനുമായ പാര്‍ട്ടി സെക്രട്ടറി. തുടര്‍ഭരണമെന്ന ചരിത്രനേട്ടം കൈവരിക്കുന്നതിന് കാരണമായ പാര്‍ട്ടി–സര്‍ക്കാര്‍ ഏകോപനത്തിന്‍റെ നെടുംതൂണുമായിരുന്നു കോടിയേരി. മുഖ്യമന്ത്രി പദവിയിലെത്താനായില്ല എന്നതുമാത്രമാണ് നേതാവെന്ന നിലയില്‍ അദ്ദേഹത്തെ അപൂര്‍ണനാക്കിയത്.

ആരായിരുന്നു കോടിയേരി എന്ന ചോദ്യം ലളിതമാണ്. എന്തായിരുന്നു കോടിയേരി എന്നു ചോദിച്ചാല്‍ കുഴയും. സൗമ്യനാണ്, അതേസമയം കര്‍ക്കശക്കാരനും. പ്രത്യയശാസ്ത്രഭാരമില്ല, പക്ഷേ പ്രത്യയശാസ്ത്ര വ്യക്തതയുണ്ട്. പിണറായി പക്ഷമായിരുന്നു, എന്നാല്‍ വി.എസ് വിരുദ്ധതയുടെ തലപ്പത്തില്ല. പാര്‍ട്ടിയായിരുന്നു എല്ലാം, തുല്യപ്രാധാന്യം കുടുംബത്തിനും. സിപിഎമ്മിന്‍റെ എക്കാലത്തെയും വലിയനേതാക്കളുടെ നിരയിലേക്ക് ഉയര്‍ന്നില്ലെങ്കിലും കാലംആവശ്യപ്പെട്ട ഉന്നതനേതാവായി. രാഷ്ട്രീയവ്യത്യാസമില്ലാതെ പൊതു സ്വീകാര്യനായിരുന്നു. അനുനയത്തിന്‍റെയും മിതഭാഷണത്തിന്‍റെയും മധ്യപാതയായിരുന്നു പാര്‍ട്ടിയിലെ കോടിയേരിവഴി. പാര്‍ട്ടിക്കും സര്‍ക്കാരിനും കാലിടറിയപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്‍റെ അസാധാരണ മെയ് വഴക്കം കോടിയേരി പരിചയാക്കി. ഒന്നാം പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്തുകേസ് ഉദാഹരണം. തന്‍റെ ഓഫിസിലിരുന്ന് ശിവശങ്കര്‍ നടത്തിയ പ്രവര്‍ത്തികള്‍ മുഖ്യമന്ത്രി അറിയാത്തത് വീഴ്ചയല്ലേ എന്ന് ചോദ്യം.

കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് കോടിയേരിയുടെ വരവ്. മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിനും നാരായണിയമ്മയ്ക്കും നാല് പെണ്‍മക്കള്‍ പിറന്നശേഷം 1953 നവംബര്‍ 16ന് ജനിച്ച ആണ്‍കുട്ടിയായിരുന്നു ബാലകൃഷ്ണന്‍. അമ്മയായിരുന്നു എല്ലാം. അച്ഛന്‍ മരിച്ച ശേഷം കൃഷിപ്പണികള്‍ ചെയ്തും അയല്‍വീടുകളില്‍ പാലുവിറ്റും ബാലകൃഷ്ണന്‍ അമ്മയ്ക്ക് താങ്ങായി. നാട്ടിലെ സാഹചര്യങ്ങളും സ്കൂള്‍ജീവിതവുമാണ് ബാലകൃഷ്ണനെ കമ്യൂണിസ്റ്റാക്കിയത്. 1970ല്‍ സജീവ സിപിഎം പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഇരുപത്തിയൊന്നുകാരന്‍ കോടിയേരി അറസ്റ്റിലായി. പിന്നെ ഒന്നര വര്‍ഷക്കാലം ജയിലില്‍. അന്ന് സഹതടവുകാരനായിരുന്നു അയല്‍ നാടായ പിണറായിയില്‍ നിന്നുള്ള വിജയന്‍. കൊടിയമര്‍ദനമേറ്റ പിണറായി വിജയനെ ജയിലില്‍ ശുശ്രൂഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് കോടിയേരിയെ. അന്നു ജയില്‍ ഒരുമിച്ചവര്‍ പിന്നെ ഒരേസമയത്ത് മുഖ്യമന്ത്രിയായും പാര്‍ട്ടി സെക്രട്ടറിയായും കേരളരാഷ്ട്രീയത്തെ നയിച്ചത് ചരിത്രം. വിഭാഗീയതയുടെ കാലത്ത് ഇരുവരും ചേര്‍ന്ന് പാര്‍ട്ടി പിടിച്ചെങ്കിലും കോടിയേരിക്കത് പിണറായി പക്ഷത്തെക്കാള്‍ ഔദ്യോഗിക പക്ഷമായിരുന്നു.

പാര്‍ട്ടി സംഘടനയും നിലപാടുമായിരുന്നു എക്കാലത്തും കോടിയേരിയെ നയിച്ചത്. 1982ല്‍ തലശേരിയില്‍ നിന്ന് നിയമസഭയിലെത്തി. തോല്‍വിയറിയാതെ തലശേരിയില്‍ നിന്നുതന്നെ അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തര–ടൂറിസം മന്ത്രിയായി 2006ലെ വി.എസ്.മന്ത്രിസഭയിലെ രണ്ടാമനായിമാറി കോടിയേരി. വി.എസില്‍ വിശ്വാസമില്ലാത്ത പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നു. എകെജി സെന്‍ററിന്‍റെയും സര്‍ക്കാരിന്‍റെയും ഭിന്നതാല്‍പര്യങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധികള്‍ നയചാതുര്യത്തോടെ പരിഹരിച്ചു. 2008ല്‍ കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് ഉയര്‍ത്തപ്പെട്ടു. അതിനും മുമ്പ് 1990ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെയാണ് പാര്‍ട്ടിയിലെ വളര്‍ച്ച തുടങ്ങുന്നത്. 1988ല്‍ സംസ്ഥാന സമിതിയംഗവും 1995ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും 2005ല്‍ കേന്ദ്രകമ്മിറ്റിയംഗവുമായി. വി.എസ് പക്ഷത്തിന്‍റെ തലവെട്ടിയ 2015ലെ ആലപ്പുഴ സമ്മേളനത്തില്‍ പിണറായിയുടെ പിന്‍ഗാമിയായി കോടിയേരി പാര്‍ട്ടി സെക്രട്ടറിയായി. 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും സെക്രട്ടറി ആയതിനുപിന്നാലെയാണ് രോഗവും മക്കള്‍ സൃഷ്ടിച്ച വിവാദങ്ങളും കോടിയേരിയെ തളര്‍ത്തുന്നത്. അപ്പോഴും താന്‍ അവധിയില്‍ പോയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളോട് കോടിയേരി പരിഭവിച്ചതേയുള്ളു, വിരോധംവച്ചില്ല.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിന്ന കാലത്തും സംഘടനയില്‍ സജീവമായിരുന്നു കോടിയേരി. ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനെ മുന്‍നിര്‍ത്തി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് അണിയറയില്‍ ഇരുന്നു ചരടുവലിച്ചത് കോടിയേരി തന്നെ ആയിരുന്നു. രോഗപീഡ തുടര്‍ന്ന കാലത്തും എറണാകുളം സമ്മേളനത്തില്‍ സെക്രട്ടറിയാരെന്ന ചോദ്യത്തിന് കോടിയേരി എന്നല്ലാതെ സിപിഎമ്മിന് മറ്റൊരു മറുപടിയുണ്ടായിരുന്നില്ല. മാറിയ കാലത്ത് സിപിഎമ്മിന് അനിവാര്യനായ നേതാവായി ഉയര്‍ന്നു എന്നതായിരുന്നു കോടിയേരിയുടെ പ്രസക്തി.

കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങി; അന്ത്യം ചെന്നൈയില്‍

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes