
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് തലശേരിയില്‍. മൃതദേഹം ഇന്ന്എയര്‍ ആംബുലന്‍സില്‍ തലശേരിയിലെത്തിക്കും. ഉച്ചമുതല്‍ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തലശേരിയില്‍നിന്ന് അഞ്ചുതവണ നിയമസഭാംഗമായി. ആഭ്യന്തര, ടൂറിസം മന്ത്രിയുമായി. വി.എസ്.മന്ത്രിസഭയിലെ രണ്ടാമനായിരുന്നു. എ.കെ.ജി സെന്‍ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തി കറുത്തകൊടി ഉയര്‍ത്തി.
കോടിയേരിയെ അനുസ്മരിച്ച് പ്രമുഖർ
പാര്‍ട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും പ്രിയപ്പെട്ട സഖാവിനെയും സഹോദരനെയും നഷ്ടമായെന്ന് പിണറായി അനുസ്മരിച്ചു. കോടിയേരിയുടെ വേര്‍പാട് അതീവ ദു:ഖകരമെന്ന് പി.ജയരാജന്‍. രോഗാവസ്ഥ ഗുരുതരമെന്ന് അറിഞ്ഞിട്ടും അന്ത്യശ്വാസംവരെ പാര്‍ട്ടിയോട് ഉറച്ചുനിന്നെന്ന് പി.ജയരാജന്‍ പറഞ്ഞു. പുഞ്ചിരിയോടെയുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രത്യേകതയെന്ന് എം.വി.ജയരാജന്‍. പാര്‍ട്ടി കെട്ടിപ്പടുത്ത ഉന്നതനായ നേതാവായിരുന്നെന്ന് ജി.സുധാകരൻ പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയത തുടച്ചുമാറ്റാന്‍ കോടിയേരിയുടെ നേതൃപാടവം സഹായിച്ചെന്ന് എം.എ.ബേബി. രാഷ്ട്രീയ കേരളത്തിന് നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. സിപിഎമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍.
ഏത് സങ്കീർണ പ്രശ്നങ്ങളും പുഞ്ചിരിയോടെ നേരിട്ട സഖാവിനെയാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി എം.ബി.രാജേഷ്. പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ഉറപ്പാക്കാൻ കോടിയേരി വഹിച്ച പങ്ക് നിർണായകമാണെന്നും രാജേഷ് പറഞ്ഞു.
