വയസ്സ് 115, പേരക്കുട്ടികള്‍ 108; പ്രായം തളര്‍ത്താതെ കളിച്ചും പൊട്ടിച്ചിരിച്ചും മറിയാമ്മ

മൂന്ന് ഇരട്ടകളടക്കം 11 മക്കളെ അവര്‍ പ്രസവിച്ചു. അതില്‍ അഞ്ചുപേരേ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുള്ളൂ.

മലപ്പുറം: പേരക്കുട്ടികളെ കണ്ടാൽ 115 വയസ്സുകാരി മറിയാമ്മ ഉതുപ്പ് അഞ്ചുവയസ്സുകാരിയാകും. അവരോട് കളിച്ചും പൊട്ടിച്ചിരിച്ചും കിന്നാരം ചോദിച്ചും അങ്ങനെയിരിക്കും. ഒരുനൂറ്റാണ്ട് കണ്ട ആ കണ്ണുകളിൽ ഇപ്പോഴും നല്ല വെളിച്ചമാണ്. മേലാറ്റൂർ പാതിരിക്കോടാണ് ഇപ്പോൾ കേരളത്തിന്റെ മുത്തശ്ശിയുടെ താമസം.

രേഖകൾപ്രകാരം 1908 ഓഗസ്റ്റ് 31-നാണ് മറിയാമ്മയുടെ ജനനം. മൂവാറ്റുപുഴ കഴുതക്കോട്ട് പുത്തൻപുരയ്ക്കൽ ചാക്കോയുടെയും കുഞ്ഞളച്ചിയുടെയും മൂത്തമകളാണ്. 24-ാം വയസ്സിൽ വാളകം കുന്നക്കാലിൽ പാപ്പാലിൽ ഉതുപ്പിനെ വിവാഹം കഴിച്ചു. അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും സുവിശേഷകനുമൊക്കെയായിരുന്നു.

ജീവിതപ്രാരാബ്ധങ്ങൾ കാരണം 1946-ൽ ഇരുവരും മലബാറിലേക്ക് കുടിയേറി. മലപ്പുറത്തെ എടപ്പറ്റ പുളിയക്കോട്ടേക്കായിരുന്നു ആ കുടിയേറ്റം. അവിടെ ഉതുപ്പിന്റെയും മറിയാമ്മയുടെയും ജീവിതം തളിർത്ത് പുഷ്പിച്ചു.

മൂന്ന് ഇരട്ടകളടക്കം 11 മക്കളെ അവർ പ്രസവിച്ചു. അതിൽ അഞ്ചുപേരേ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളൂ. ജീവിച്ചിരിക്കുന്ന മൂന്നാമത്തെ മകൾ സാറാമ്മയ്ക്ക് ഇപ്പോൾ 86 വയസ്സുണ്ട്. അഞ്ചുതലമുറയിലെ പേരക്കുട്ടികളുടെ എണ്ണമെടുത്താൽ 108 പേരാണ്. അഞ്ചാംതലമുറയിൽ മാത്രം 17 കുട്ടികളുണ്ട്. അതിലെ മൂത്തകുട്ടിക്ക് 18 വയസ്സായി. കേൾവിശക്തി കുറഞ്ഞതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നമൊന്നുമില്ലെന്നാണ് പേരക്കുട്ടിയും ഇരിങ്ങാട്ടിരി എ.എം.എൽ.പി. സ്കൂളിലെ മുൻ പ്രഥമാധ്യാപകനുമായ ജോസ് പാപ്പാലിൽ പറയുന്നത്.

ചുണ്ടനക്കംകണ്ട് കാര്യങ്ങൾ മനസ്സിലാക്കും. ഓർമ പലപ്പോഴും ഒളിച്ചുകളിക്കുന്നുണ്ട്. ചില പെൺമക്കളെ കണ്ടാൽ ‘നീ കല്യാണം കഴിച്ചതാണോടീ’ എന്നൊക്കെ ചോദിക്കും. നല്ല മാനസികാവസ്ഥയിലാണെങ്കിൽ നന്നായി സംസാരിക്കാറുണ്ട്. രാവിലെ നേരത്തേ എഴുന്നേൽക്കുന്ന സ്വഭാവമാണ്. കൃത്യവും മിതവുമായ ഭക്ഷണം. തണുത്തതും പഴകിയതുമൊന്നും കഴിക്കില്ല. ജീവിതശൈലീരോഗങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ഓഗസ്റ്റ് 31-ന് മക്കളും പേരക്കുട്ടികളും ചേർന്ന് മറിയാമ്മയുടെ 115-ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചു.

വയസ്സ് 115, പേരക്കുട്ടികള്‍ 108; പ്രായം തളര്‍ത്താതെ കളിച്ചും പൊട്ടിച്ചിരിച്ചും മറിയാമ്മ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes