
ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന പേരില്‍ കൊച്ചിയില്‍ ടാക്സ് കണ്‍സള്‍ട്ടന്‍റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ്. വൈറ്റിലയിലെ ഫിനാന്‍ഷ്യല്‍ ഹബ് സ്ഥാപനത്തിന്‍റെ മറവില്‍ നടന്ന തട്ടിപ്പില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ തട്ടിപ്പിന്‍റെ സൂത്രധാരന്‍ പത്തനംതിട്ട സ്വദേശി സ്വാമിദാസിനായി അന്വേഷണം ഊര്‍ജിതമാക്കി.
ജിഎസ്ടി, ആദായനികുതി റിട്ടേണ്‍, മുദ്രാ ലോണ്‍ ഉള്‍പ്പെടെ തരപ്പെടുത്തി നല്‍കുമെന്ന പരസ്യം നല്‍കിയായിരുന്നു ഫിനാന്‍ഷ്യല്‍ ഹബ് ഉടമ സ്വാമിദാസിന്‍റെ തട്ടിപ്പ്. തന്‍റെ സുഹൃത്തായ ബിസിനസുകാരന്‍ വിപിന്‍ നിസാരപലിശയില്‍ ലക്ഷങ്ങള്‍ വായ്പയായി നല്‍കാമെന്നായിരുന്നു വാഗ്ദാനം. അഞ്ച് ലക്ഷം രൂപയ്ക്ക് മാസം അയ്യായിരം വീതം തിരിച്ചടവ്. ലോണ്‍ ലഭിക്കുന്നതിന് മുന്‍പ് ഒരു ലക്ഷത്തിന് പ്രോസസിങ് ഫീസായി പതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. കൊച്ചിയില്‍ മാത്രം ഇരുപതിലേറെ പേരാണ് ലക്ഷങ്ങള്‍ സ്വാമിദാസിന് കൈമാറിയത്. വിപിന്‍റെ അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചു. പറഞ്ഞ സമയം കഴിഞ്ഞിട്ടും വായ്പ ലഭിക്കാതായതോടെയാണ് തട്ടിപ്പ് ബോധ്യപ്പെടുന്നത്. കഴിഞ്ഞ മാസം പതിനെട്ടിന് പണം തിരിച്ച് നല്‍കുമെന്ന് കരാറൊപ്പിട്ടെങ്കിലും സ്വാമിദാസ് മുങ്ങി.
ഒളിവില്‍പോയ കേസിലെ രണ്ടാംപ്രതി വിപിന്‍മോഹനന്‍ മരട് പൊലീസിന്‍റെ പിടിയിലായി. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്ഥാപനത്തിന്‍റെ ബോര്‍ഡ് ഉള്‍പ്പെടെ നീക്കം ചെയ്തു. ജില്ലയ്ക്ക് പുറത്തു നിന്നും കൂടുതല്‍ പരാതിക്കാര്‍ രംഗതെത്തി. സ്വാമിദാസാണ് തട്ടിപ്പിന്‍റെ സൂത്രധാരനെന്ന് വിപിന്‍മോഹന്‍ മൊഴി നല്‍കി. വിപിന്‍ നേരത്തെയും നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ വ്യക്തമാക്കി. മരട് സിഐ എസ്. സനലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
