
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി. ജീവനക്കാരും യാത്രക്കാരുമായി തുടരെത്തുടരെ പ്രശ്നങ്ങളുണ്ടാകുന്നത് മാനേജ്മെന്റിന് തലവേദനയാവുകയാണ്. ഒരുഭാഗത്ത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമ്പോഴേക്കും അടുത്ത വിവാദമുയരും. കൊട്ടാരക്കര, കാട്ടാക്കട സംഭവങ്ങൾക്കുപിന്നാലെ ചിറയിൻകീഴും ഉദാഹരണം.
യാത്രക്കാരോട് മോശമായി പെരുമാറുന്നത് ഉൾപ്പെടെ ജീവനക്കാർക്കെതിരേ ഒരുമാസം മാനേജ്മെന്റിന് 400-ലധികം പരാതികളാണ് ലഭിക്കുന്നത്. നടപടിയായി 50 സസ്പെൻഷൻ ഉത്തരവുകൾ ഇറങ്ങിയ മാസങ്ങളുണ്ട്. 80 ശതമാനം യാത്രക്കാർമാത്രമാണ് രേഖാമൂലം പരാതിപ്പെടാറുള്ളത്. കൺട്രോൾറൂമിലും സ്റ്റേഷൻമാസ്റ്റർ ഓഫീസിലും പരാതിപ്പെട്ട് മടങ്ങുന്നവർ ഒട്ടേറെ. ഗുരുതരമല്ലാത്തവ ഡിപ്പോതലത്തിൽ താക്കീതുനൽകി ഒഴിവാക്കും.
ജീവനക്കാർ അസംതൃപ്തർ
സ്ഥാപനത്തിന്റെ സാമ്പത്തികപ്രതിസന്ധിയും ശമ്പളമുടക്കവും തൊഴിൽ അന്തരീക്ഷത്തിലെ പിരിമുറുക്കവുമൊക്കെയാണ് ജീവനക്കാരെ അസംതൃപ്തരാക്കുന്നത്. സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളിസംഘടനകളും ജീവനക്കാരും ഒരുപരിധിവരെ കാരണക്കാരാണെന്ന രീതിയിൽ യാത്രക്കാരുടെ ഭാഗത്തുനിന്നുള്ള പരാമർശങ്ങൾ ജീവനക്കാരെ പ്രകോപിതരാക്കുന്നുണ്ട്.
ചേരാത്ത തൊഴിൽ അന്തരീക്ഷം
മോട്ടോർട്രാൻസ്പോർട്ട് കോർപ്പറേഷനു വേണ്ട ജീവനക്കാരെയല്ല കെ.എസ്.ആർ.ടി.സി. റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു ചേർന്ന ജോലിയും തൊഴിൽ അന്തരീക്ഷവുമല്ല ഇന്നുള്ളത്. കണ്ടക്ടർമാരിൽ ഭൂരിഭാഗവും ബിരുദമോ, ബിരുദാനന്തരബിരുദമോ ഉള്ളവരാണ്. നാലും അഞ്ചുംവർഷം കഴിഞ്ഞിട്ടും തൊഴിൽ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ പലർക്കും കഴിഞ്ഞിട്ടില്ല.
സിംഗിൾഡ്യൂട്ടി സംവിധാനത്തിൽ ആഴ്ചയിൽ ആറുദിവസവും ജോലിക്ക് വരേണ്ടിവരുമെന്നുള്ളതും അമർഷത്തിന് കാരണമാകുന്നു. ശാരീരികമായി നല്ല അധ്വാനം വേണ്ടതാണ് ബസിലെ ജോലി. പുലർച്ചെ ജോലിക്ക് കയറേണ്ടിവരുന്നതും രാത്രി വൈകി ഇറങ്ങേണ്ടിവരുന്നതുമൊക്കെ വനിതാ കണ്ടക്ടർമാരിലും അസംതൃപ്തി പടർത്തുന്നു.
തമിഴ്നാട്, കർണാടക കോർപ്പറേഷനുകൾ വിദ്യാഭ്യാസ യോഗ്യതയെക്കാളേറെ ബസിലെ ജോലിക്ക് താത്പര്യമുള്ളവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. യാത്രക്കാരെ വിളിച്ചുകയറ്റാനും സഹായിക്കാനുമൊക്കെ ഇവർ കാണിക്കുന്ന താത്പര്യം ഇതിന് തെളിവാണ്. ജീവനക്കാർക്ക് പരിശീലനം നൽകി മാറ്റമുണ്ടാക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും ഫലംകണ്ടിട്ടില്ല.
