
ബ്ലാക്ക് മാംബയുടെ ആക്രമണത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 3 പേർ. സിംബാബ്‌വെയിലാണ് ദാരുണമായ സംഭവം നടന്നത്. തപിവ മുസിവ എന്നയാളുടെ ഭാര്യയും 21 കാരിയായ മകളും 15 വയസ്സുകാരനായ അനന്തിരവനുമാണ് പാമ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുരിമ്പിക ഗ്രാമത്തിലെ മലനിരകളിൽ വിറക് ശേഖരിക്കുന്നതിനിടയിലാണ് ഇവർക്ക് പാമ്പുകടിയേറ്റത്. 21 കാരിയായ മകൾ ന്യാരായിക്കാണ് കാലിൽ ആദ്യം പാമ്പുകടിയേറ്റത്. ഇതു നോക്കാനെത്തിയ അമ്മയുടെ നെഞ്ചിലാണ് പാമ്പ് കടിച്ചത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പാമ്പ് 15കാരനായ തവാണ്ടയുടെ കാലിൽ കൊത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികൾ ഇവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മലയുടെ മുകളിൽ വാഹനമെത്താനുള്ള അസൗകര്യം മൂലം ഇതിന് താമസം നേരിട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മൂവരും മരണത്തിനു കീഴടങ്ങുകയായിരുന്നു.
രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ ബ്ലാക്ക് മാംബയെപ്പറ്റി ഒട്ടേറെ ഭീതിദമായ കഥകളുണ്ട്. മരണത്തിന്റെ ചുംബനം എന്നാണ് ബ്ലാക്ക് മാംബയുടെ കടി ആഫ്രിക്കയിൽ അറിയപ്പെടുന്നത്. അത്ര മാരകമായ വിഷമാണ് ഈ പാമ്പിനുള്ളത്. ന്യൂറോ, കാർഡിയോ ടോക്സിനുകൾ അടങ്ങിയതാണ് ഇവയുടെ മാരക വിഷം. കുതിരയേക്കാൾ വേഗത്തിൽ നീങ്ങുന്ന പാമ്പ്, മലഞ്ചെരിവുകളിൽ ശരീരം വളയം പോലെയാക്കി അതിവേഗത്തിൽ ഉരുണ്ടു വന്ന് ആക്രമിക്കുന്ന പാമ്പ്, ആളുകളെ പ്ലാൻ ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന പാമ്പ്.. ഇതു കടിച്ചാൽ മരണം ഉടനടി നടക്കും.. ബ്ലാക്ക് മാംബയെക്കുറിച്ച് പ്രചരിക്കുന്ന അദ്ഭുത കഥകൾക്ക് പഞ്ഞമൊന്നുമില്ല.
ബ്ലാക്ക് മാംബ അപകടകാരിയായ ഒരു പാമ്പാണ്. തെക്കൻ ആഫ്രിക്കയിൽ ആളുകൾക്ക് ഏൽക്കുന്ന പാമ്പുകടികളിൽ ഏറിയ പങ്കും ഈ പാമ്പിൽ നിന്നാണ്. ഒട്ടേറെ മരണങ്ങളും ഇതുണ്ടാക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പല്ല ബ്ലാക്ക് മാംബ, പക്ഷേ വിഷം ഏൽപിക്കുന്ന രീതിയിലെ മികവ് ഇതിനെ, ഓസ്ട്രേലിയയിലെ കോസ്റ്റൽ ടൈപാനൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പാക്കുന്നു. ഇന്ന് ബ്ലാക്ക് മാംബയുടെ വിഷത്തെ പ്രതിരോധിക്കുന്നതിനുള്ള മറുവിഷങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എങ്കിലും കടിയേറ്റ ശേഷം ചികിത്സ വൈകിയാൽ ജീവനഷ്ടത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. പരമാവധി നാലു മീറ്റർ വരെയൊക്കെ നീളം വയ്ക്കുന്ന ഇവ കഴിയുന്നതും മനുഷ്യരെ ഒഴിവാക്കാൻ നോക്കാറുണ്ട്. എന്നാ പല പാമ്പുകളെയും പോലെ സ്വയം പ്രതിരോധത്തിനായാണ് ഇവ കടിക്കുന്നത്. കടിക്കുമ്പോൾ ഒറ്റത്തവണയല്ല, തുടർച്ചയായി പലതവണ കടിക്കും, ഓരോ തവണയും വലിയ അളവിൽ മാരകമായ വിഷം കടിയേൽക്കുന്നയാളുടെ ശരീരത്തിലേക്കു പ്രവഹിക്കും.
ബ്ലാക്ക് മാംബ എന്നാണ് അറിയപ്പെടുന്നതെങ്കിലും ബ്രൗൺ നിറത്തിന്റെ വിവിധ വകഭേദങ്ങളിലാണു ബ്ലാക്ക് മാംബ കാണപ്പെടുന്നത്. ഇവയുടെ വായയുടെ ഉൾവശം കറുത്തതാണ്. അതുകൊണ്ടാണ് ഇവയെ ബ്ലാക്ക് മാംബയെന്നു വിളിക്കുന്നത്. ആഫ്രിക്കയുടെ തെക്കൻ, കിഴക്കൻ മേഖലകളിലെ പുൽമേടുകളിലും മലമ്പ്രദേശങ്ങളിലുമൊക്കെയാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.എലികൾ, അണ്ണാനുകൾ, ചില പക്ഷികൾ എന്നിവയൊക്കെയാണു ബ്ലാക്ക് മാംബകളുടെ ഇരമൃഗങ്ങൾ.കഥകളിൽ പറയുന്നതു പോലെ കുതിരയുടെ വേഗത്തിൽ ഓടാനുള്ള കഴിവ് ഇല്ലെങ്കിലും മണിക്കൂറിൽ 20 കിലോമീറ്റർ വരെയൊക്കെ വേഗം ഇവയ്ക്കു കൈവരിക്കാം. ലോകത്ത് ഏറ്റവും വേഗത്തിൽ ചലിക്കുന്ന പാമ്പാണു ബ്ലാക്ക് മാംബ.
മൂർഖന്റെ കുടുംബത്തിൽ ഉൾപ്പെടുന്ന ബ്ലാക്ക് മാംബയുടെ പേര് സുലു ഭാഷയിലെ ഇംമാംബ എന്ന പദത്തിൽ നിന്നാണു ലഭിച്ചത്. വേസ്റ്റൺ മാംബ, ഗ്രീൻ മാംബ, ജേസൺസ് മാംബ എന്നിങ്ങനെ മാംബയെന്നു പേരുള്ള മൂന്ന് പാമ്പിനങ്ങൾ കൂടി ആഫ്രിക്കയിലുണ്ട്. ഇവയുടെ ശരീരനിറം പച്ചയാണ്. ബ്ലാക്ക് മാംബയ്ക്ക് ആഫ്രിക്കയിൽ അധികം വേട്ടക്കാരില്ല.ചില കഴുകൻമാരാണ് ഇവയെ പ്രധാനമായും വേട്ടയാടുന്നത്. പൂർണ വളർച്ചയെത്താത്ത മാംബകളെ കീരികൾ, ഹണി ബാഡ്ജർ എന്ന ജീവികൾ, ചില വേഴാമ്പലുകൾ എന്നിവ വേട്ടയാടാറുണ്ട്.
