
സിപിഎമ്മിന്റെ കരുത്തനായ നേതാവ് കോടിയേരി ബാലകൃഷ്ണന് കേരളത്തിന്‍റെ അന്ത്യാഞ്ജലി. മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിച്ചു. മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. സാക്ഷ്യംവഹിച്ച് വന്‍ ജനക്കൂട്ടവും സി.പി.എം നേതൃനിരയും. അക്ഷരാര്‍ത്ഥത്തില്‍ പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. നായനാരുടെയും ചടയന്റെയും സ്മൃതികുടീരങ്ങള്‍ക്ക് മധ്യെ കോടിയേരിക്ക് ഇനി നിത്യനിദ്ര. മുന്‍ ആഭ്യന്തരമന്ത്രിക്ക് ഗണ്‍സല്യൂട്ട് അര്‍പ്പിച്ച് പൊലീസ് സേനയുടെയും ആദരം. വിലാപയാത്രയില്‍ കോടിയേരിയുടെ ഭൗതികദേഹം തോളിലേറ്റി മുഖ്യമന്ത്രിയും യച്ചൂരിയും നടന്നു.
രാഷ്ട്രീയഭേദമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പതിനൊന്നുമണിയോടെ കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ കോണ്‍ഗ്രസ് നേതാക്കളായ എം.കെ.രാഘവന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരും എത്തി.
