
നോർത്ത് സ്റ്റേഷൻ പരിധിയിൽ പ്രധാനമായും കലൂർ മേഖലയിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് മരിയാർപൂതം. ടെറസുകളിലൂടെയും മതിലുകളിലൂടെയും അനായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ലയിരുന്നു .
കൊച്ചി: വർഷങ്ങളായി കൊച്ചി നഗരവാസികളുടെ ഉറക്കംകെടുത്തുന്ന മോഷ്ടാവ് മരിയാർപൂതമെന്ന ജോൺസണെ (54) സാഹസികമായി പിടികൂടി തമിഴ്നാട് സ്വദേശി. തിങ്കളാഴ്ച പുലർച്ചെ കലൂർ കാട്ടൂക്കാരൻ ലൈനിലുള്ള തന്റെ വീട്ടിൽ കയറിയ മരിയാർപൂതത്തെ കന്തസ്വാമി മൽപിടിത്തത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപിച്ചു.
വാക്കത്തി കൊണ്ട് വെട്ടുകൊണ്ടിട്ടും പിടിവിടാതെയാണ് ഇഗ്നോയിൽ ഉദ്യോഗസ്ഥനായ കന്തസ്വാമി മരിയാർപൂതത്തെ കീഴടക്കിയത്. ‘ഞാൻ ഒറ്റയ്ക്കാണ് താമസം, ഇന്നലെ ഉറക്കത്തിനിടെ ശബ്ദം കേട്ട് എണീറ്റപ്പോൾ മുറിക്കകത്ത് ഒരാൾ,’ കന്തസ്വാമി വിവരിക്കുന്നു. ‘ഞാൻ ചാടിയെണീറ്റ് ആരാണെന്ന് ചോദിച്ച് അയാളെ പിടികൂടി. എന്നാൽ, അയാൾ രക്ഷപ്പെടാനായി എന്നെ വലിച്ച് പുറത്തിറക്കി. താഴേക്കുള്ള ഏണിപ്പടിയുടെ പകുതി എത്തിയപ്പോൾ എന്തോ സാധനം കൊണ്ട് തലയ്ക്കടിച്ചു. വാക്കത്തി കൊണ്ട് വെട്ടിയതാണെന്ന് പിന്നീടാണ് മനസ്സിലായത്.’
‘പുറത്ത് എത്തിയപ്പോഴേക്കും എന്റെ നിലവിളി കേട്ട് അടുത്തുള്ള വീട്ടുകാരൊക്കെ എണീറ്റ് പുറത്തുവന്നു. അയാൾ എന്റെ കൈ കടിച്ചുപൊട്ടിക്കുകയും മാന്തുകയുമൊക്കെ ചെയ്തെങ്കിലും പിടിവിട്ടില്ല. അപ്പോഴേക്കും അടുത്ത വീട്ടുകാരൊക്കെ എത്തി കള്ളനെ പിടികൂടി. ഞാനിവിടെ താമസം തുടങ്ങിയിട്ട് ഒരു വർഷമായിട്ടേ ഉള്ളൂ. സ്ഥിരമായി ഈ പ്രദേശത്ത് മോഷണം നടത്തുന്നയാളാണ് മരിയാർപൂതമെന്നാണ് അറിയപ്പെടുന്നത് എന്നൊക്കെ അറിയുന്നത് ഇപ്പോഴാണ്. അയാളിനിയും ഇവിടെ വരുമോ എന്ന പേടിയുമുണ്ട്’ -കന്തസ്വാമി കൂട്ടിച്ചേർത്തു.
നോർത്ത് സ്റ്റേഷൻ പരിധിയിൽ പ്രധാനമായും കലൂർ മേഖലയിൽ സ്ഥിരമായി മോഷണം നടത്തുന്നയാളാണ് മരിയാർപൂതം. ടെറസുകളിലൂടെയും മതിലുകളിലൂടെയും അനായാസം സഞ്ചരിക്കുന്ന ഇയാളെ പിടികൂടുന്നതും എളുപ്പമല്ല. ഒരു തവണ മോഷണം നടത്തിയ അതേ സ്ഥലത്തുതന്നെ വീണ്ടും മോഷണം നടത്തുന്നതാണ് രീതി. മുമ്പ് ജനകീയസേന ഉൾപ്പെടെ രൂപീകരിച്ചാണ് ഇയാളെ പികികൂടിയത്.
മോഷണക്കേസിൽ പെട്ട് ജയിലിലായ പൂതം ഒന്നര വർഷം മുമ്പാണ് പുറത്തിറങ്ങിയതെന്ന് പോലീസ് പറയുന്നു. ഇപ്പോൾ വീണ്ടും കലൂരിൽ എത്തി. കന്തസ്വാമിയുടെ അയൽവീടുകളിൽ നിന്നും സ്ക്രൂഡൈ്രവറും വാക്കത്തിയും കമ്പിപ്പാരയും സംഘടിപ്പിച്ചു. സമീപത്തെ മൂന്നു വീടുകളിൽ കയറാൻ ശ്രമിച്ച ശേഷമാണ് കന്തസ്വാമിയുടെ വീട്ടിൽ കയറാനായതെന്ന് പിടിയിലായ ശേഷം പൂതം പോലീസിനോട് പറഞ്ഞു. ഇയാളെ ഇനി പുറത്തുവിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശദമായ തെളിവെടുപ്പ് നടത്തിയിട്ടുണ്ടെന്നും ശക്തമായ വകുപ്പുകൾ ചുമത്തുമെന്നും കേസ് അന്വേഷിക്കുന്ന നോർത്ത് സബ് ഇൻസ്പെക്ടർ സി.ശ്രീകുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
