
സ്വന്തം ഭർത്താവിന്റെ ശമ്പളം എത്രയാണെന്ന് അറിയാത്ത ഭാര്യമാരുണ്ടോ? ജോലികാര്യങ്ങളും ശമ്പളവും പലപ്പോഴും ഭാര്യ ഭർത്താവിനോടും തിരിച്ച് ഭർത്താവ് ഭാര്യയോടും പങ്കും വയ്ക്കാറുണ്ട്. എന്നാൽ ഭാര്യയോട് പോലും ഇക്കാര്യം ഒരാൾ പറഞ്ഞില്ലെങ്കിൽ എന്തു സംഭവിക്കും. ചിലപ്പോൾ അത് വലിയ തർക്കത്തിലേക്കും വിവാഹമോചനത്തിലേക്കു വരെ നയിക്കാനും സാധ്യതയുണ്ട്. തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താൻ തയാറാകാത്ത ഭർത്താവിന്റെ ശമ്പളം വിവരാവകാശ നിയമത്തിലൂടെ അറിഞ്ഞിരിക്കുകയാണ് ഒരു ഭാര്യ.
യുപി ബറേയ്ലിയിലെ സഞ്ജു ഗുപ്തയെന്ന യുവതിയാണ് തന്റെ ഭർത്താവിന്റെ ശമ്പള വിവരങ്ങളറിയാൻ വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര വിവരാവകാശ കമ്മീഷൻ വരെ പോയി യുവതി തന്റെ പോരാട്ടത്തിൽ വിജയിച്ചത്. തുടക്കത്തിൽ, ആദായനികുതി ഓഫീസിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസക്കാണ് യുവതി വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ സമ്മതമില്ലാത്തതിനാൽ വിശദാംശങ്ങൾ നൽകാൻ സി.പി.ഐ.ഒ തയാറായില്ല. അപേക്ഷ നിരസിച്ചു. യുവതിയുടെ അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടേയും മുൻകാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
