
കണ്ണൂർ: പണത്തിനുവേണ്ടി നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ ആൾ അറസ്റ്റിൽ. കുട്ടിയുമായി മലബാർ എക്സ്പ്രസിൽ യാത്ര ചെയ്യവേ കണ്ണൂരിൽനിന്നാണ് പ്രതി പിടിയിലായത്. കുട്ടി സുരക്ഷിതയാണ്. ഝാർഖണ്ഡ് സ്വദേശിയും മംഗളൂരു പാണ്ടേശ്വരയിലെ താമസക്കാരനുമായ വികാഷിന്റെ മകളെയാണ് തട്ടിക്കൊണ്ടുപോയത്.
ഝാർഖണ്ഡ് ധൻബാദ് സ്വദേശി വിക്രംകുമാർ (26) ആണ് പ്രതി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാവ് പാണ്ടേശ്വര പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വിവരം റെയിൽവേ സുരക്ഷാസേനയ്ക്ക് കൈമാറി.
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ (16630) കുട്ടിയെയുംകൊണ്ട് പ്രതി കയറിയെന്ന് മനസ്സിലാക്കിയതോടെ ആർ.പി.എഫും റെയിൽവേ പോലീസും നിരീക്ഷിച്ചു. വണ്ടി കണ്ണൂരിലെത്തിയപ്പോൾ ജനറൽ കോച്ചിൽ കുട്ടിയോടൊപ്പം വിക്രംകുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് കൈമാറി. പിന്നീട് മംഗളൂരുവിലുള്ള രക്ഷിതാക്കളെ ഏൽപ്പിച്ചു.
അറസ്റ്റിലായ വിക്രംകുമാറിനെ പാണ്ടേശ്വര പോലീസിന് കൈമാറി. കുട്ടിയുടെ കുടുംബത്തെ പരിചയമുള്ളയാളാണ് പ്രതി. ആർ.പി.എഫ്. കണ്ണൂർ ഇൻസ്പെക്ടർ ബിനോയ് ആന്റണി, എസ്.ഐ. എൻ.കെ.ശശി, എ.എസ്.ഐ.മാരായ വി.വിസഞ്ജയ് കുമാർ, പി.ശശിധരൻ, ഹെഡ് കോൺസ്റ്റബിൾമാരായ എ.കെ.ഗണേശൻ, സി.ടി.കെ.ഷാജിത്, പി.എസ്.ശില്പ, റെയിൽവേ പോലീസിലെ എസ്.സംഗീത്, വി.കെ.വിപിൻ, പി.പി.സുബൈർ എന്നിവരാണ് കുട്ടിയെ കണ്ടെത്തിയത്.
