
സാറ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ബില്ല്യണിൽ ഒന്ന് മാത്രം സംഭവിക്കാവുന്ന യാദൃച്ഛികത’ എന്നും അവർ ചിത്രങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്.
ഗൂഗിൾ മാപ്പിൽ രസരകമായ ഒരുപാട് കാര്യങ്ങൾ കണ്ടെത്താറുണ്ട്. അതുപോലെ തികച്ചും യാദൃച്ഛികമായി സംഭവിച്ച ഒരു കാര്യമാണ് ഇതും. വർഷങ്ങളുടെ ഇടവേളയിൽ ഒരേ സ്ഥലത്ത്, ഒരുപോലെ നിൽക്കുന്ന ഒരു സ്ത്രീയാണ് ചിത്രത്തിൽ. 10 വർഷം മുമ്പ് നിന്ന അതേ സ്ഥലത്താണ് സ്ത്രീയെ 10 വർഷത്തിന് ശേഷവും കണ്ടെത്തിയത്.
കാർലിസിലെ വിക്ടോറിയ പ്ലേസിലെ ഒരു റോഡരികിലാണ് ഒരു ട്രാഫിക് ലൈറ്റിന് സമീപം ലീൻ സാറ കാർട്ട്‌റൈറ്റ് നിൽക്കുന്നത്. അവളുടെ വലതു കൈയിൽ ഷോപ്പിംഗ് ബാഗുകളും പിടിച്ചിട്ടുണ്ട്. ആദ്യത്തെ ചിത്രം പകർത്തിയിരിക്കുന്നത് 2009 ഏപ്രിലിലാണ്. രണ്ടാമത്തെ ചിത്രം പകർത്തിയിരിക്കുന്നത് 2018 ആഗസ്തിലുമാണ് എന്ന് കെന്നഡി ന്യൂസ് ആൻഡ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യത്തെ ഗൂഗിൾ മാപ്പ് ചിത്രത്തിൽ ഒരു സ്ലാക്ക്സും അതിനൊപ്പം ഒരു വെള്ള ഷർട്ടും ജാക്കറ്റും ധരിച്ചിരിക്കുന്ന സാറയെ കാണാം. രണ്ടാമത്തേതിൽ ഒരു കറുത്ത വസ്ത്രം ധരിച്ച് അരയ്ക്ക് കയ്യും കൊടുത്ത് നിൽക്കുന്ന സാറയേയാണ് കാണാൻ കഴിയുക. കടയിൽ വച്ചിരിക്കുന്ന വസ്തുക്കളിൽ ചില മാറ്റങ്ങളൊക്കെ വന്നതായി ചിത്രത്തിൽ കാണാം. എന്നാൽ, മറ്റ് വലിയ വ്യത്യാസങ്ങളൊന്നും ഇതിൽ കാണുന്നില്ല. ബാക്കിയെല്ലാം ഏകദേശം ഒരുപോലെ തന്നെ ഇരിക്കുകയാണ്.
സാറ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ബില്ല്യണിൽ ഒന്ന് മാത്രം സംഭവിക്കാവുന്ന യാദൃച്ഛികത’ എന്നും അവർ ചിത്രങ്ങളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ‘ഞാൻ സമയത്തിൽ ഉറച്ച് പോയതുപോലെയുണ്ട്’ എന്നും സാറ പറഞ്ഞു.
41 -കാരിയായ സാറ പറയുന്നത്, രണ്ട് ചിത്രങ്ങളിലും ഒരുപോലെ തന്റെ കയ്യിൽ ബാഗുണ്ട്, ഒരേ സ്ഥലത്താണ് താൻ നിൽക്കുന്നതും. അത്ഭുതം എന്നത് പോലെ തന്നെ ഇത് വിചിത്രമായും തോന്നുന്നു എന്നാണ്. ഇതുപോലെ 10 വർഷത്തിന് ശേഷം ഒരേ സ്ഥലത്ത് ഇതുപോലെ ഒരേ പോലെ നിൽക്കുന്ന ചിത്രം പകർത്തപ്പെട്ട ലോകത്തിലെ ഒരേയൊരാളായിരിക്കും താൻ എന്നും സാറ പറഞ്ഞു.
