ആളില്ലാത്ത വീടുകളിൽ കള്ളന്‍ കയറി; ഒന്നും കിട്ടിയില്ല; ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു..!


പത്തനംതിട്ട അടൂരില്‍ ആളില്ലാത്ത അഞ്ച് വീടുകളിൽ കള്ളന്‍ കയറി. ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ വീട്ടിലും കയറി. ഒന്നും കിട്ടാത്ത ദേഷ്യത്തില്‍ വീടിനകം കള്ളന്‍മാര്‍ അടിച്ചു തകര്‍ത്തു

അടൂർ കരുവാറ്റ വട്ടമുകളിൽ സ്റ്റീവ് വില്ലയിൽ അലീസ് വർഗീസ്, മറ്റത്തിൽ രാജ് നിവാസിൽ ലില്ലിക്കുട്ടി, മൻമോഹൻ വീട്ടിൽ രമാദേവി, അഷ്ടമിയിൽ സുഭാഷ് സുകുമാരൻ, അറപ്പുരയിൽ ഗീവർഗീസ് തോമസ് എന്നിവരുടെ വീടുകളിലാണ് മുൻവാതിൽ കുത്തിത്തുറന്ന് മോഷണശ്രമം നടന്നത്. ഇതിൽ അറപ്പുരയിൽ വീടിന്‍റെ ഗൃഹപ്രവേശം രണ്ടുമാസം മുൻപാണ് കഴിഞ്ഞത്. വീട്ടില്‍ നിന്ന് ഒന്നും കിട്ടിയില്ല. അടുക്കളയില്‍ കയറി ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു. ഒന്നുംകിട്ടാത്ത ദേഷ്യത്തില്‍ പുതിയ വീടിന്‍റെ ഉള്‍വശം അടിച്ചു തകര്‍ത്തു. രാവിലെ റബ്ബർ വെട്ടാൻ വന്നവരാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ആളില്ലാത്ത അഞ്ചു വീട്ടിലും മോഷണം നടന്നതായി കണ്ടെത്തിയത്.

മറ്റത്തിൽ രാജ്നിവാസ് വീടിന് മുന്നിലെ രണ്ട് ക്യാമറകൾ നശിപ്പിച്ചു വീട്ടുടമസ്ഥർ ഈ സമയം തിരുവനന്തപുരത്തായിരുന്നു. ദൃശ്യങ്ങൾ ഫോണിലൂടെ അവർക്ക്
ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.44 വരെ ക്യാമറയിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അതിന് ശേഷമാകാം മുൻവശത്തെ ക്യാമറ നശിപ്പിച്ച തെന്നാണ് കരുതുന്നത്. നശിപ്പിച്ച ക്യാമറ വീടിന് സമീപത്തുനിന്നു കണ്ടെടുത്തു. അടൂര്‍ പൊലീസ് അന്വേഷണം തുടങ്ങി

ആളില്ലാത്ത വീടുകളിൽ കള്ളന്‍ കയറി; ഒന്നും കിട്ടിയില്ല; ഏലയ്ക്കാ കാപ്പിയിട്ടു കുടിച്ചു..!

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes