
വണ്ടിയുടെ വരവുകണ്ട് പമ്പിലെ ജീവനക്കാരും പേടിച്ചു. ഡ്രൈവറുടെ ഈ സർക്കസ് നേരിൽകണ്ട നാട്ടുകാർ വണ്ടി നമ്പർ സഹിതം എറണാകുളം ആർ.ടി. ഓഫീസിൽ വിവരം അറിയിച്ചു.
കാക്കനാട് : ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പെട്രോൾ പമ്പിലൂടെ അപകടകരമായരീതിയിൽ ചുറ്റിപ്പറന്ന് വിദ്യാർഥികളെയും വാഹനയാത്രക്കാരെയും നാട്ടുകാരെയുമെല്ലാം മുൾമുനയിൽ നിർത്തിച്ച് ടൂറിസ്റ്റ് ബസ്. വാഹനമോടിച്ച ഡ്രൈവറെ മോട്ടോർ വാഹനവകുപ്പ് പിടികൂടി ക്ലാസിലും ഇരുത്തി.
ബസ് ഡ്രൈവർ തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അരുൺ ഹരിക്കാണ് എറണാകുളത്ത് വന്ന് ക്ലാസിൽ ഇരുന്നു ‘പഠിക്കാൻ’ അവസരമൊരുക്കിയത്. തിങ്കളാഴ്ച രാവിലെ സീപോർട്ട്-എയർപോർട്ട് റോഡിൽ സൺറൈസ് ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിലാണ് ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ കൈവിട്ടകളി അരങ്ങേറിയത്.
തൃശ്ശൂരിൽനിന്ന് വിദ്യാർഥികളുമായി പള്ളിക്കരയിലെ വാട്ടർ തീം പാർക്കിലേക്ക് വന്ന ബസാണ് സീപോർട്ട് റോഡിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ അലക്ഷ്യമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിന്നാലെ റോഡരികിലെ പെട്രോൾ പമ്പിലേക്ക് ബസ് അമിത വേഗത്തിൽ ഓടിച്ചുകയറ്റി വളച്ചെടുത്ത് മറ്റൊരു ‘ഷോ’ കൂടി.
വണ്ടിയുടെ വരവുകണ്ട് പമ്പിലെ ജീവനക്കാരും പേടിച്ചു. ഡ്രൈവറുടെ ഈ സർക്കസ് നേരിൽകണ്ട നാട്ടുകാർ വണ്ടി നമ്പർ സഹിതം എറണാകുളം ആർ.ടി. ഓഫീസിൽ വിവരം അറിയിച്ചു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ. രാജേഷ് ഉടനടി വണ്ടി നമ്പർ വഴി ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഡ്രൈവറെ ഫോണിൽ ‘പിടികൂടി’. ആർ.ടി. ഓഫീസിൽ ഹാജരായ ഡ്രൈവർക്ക് ആദ്യം താക്കീത് നൽകി. തുടർന്ന് എറണാകുളത്തെത്തി റോഡ് നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ കർശന നിർദ്ദേശം നൽകി.
