
വിവാഹം വേഗം നടക്കാൻ പൂജ നടത്തിയിട്ടും പ്രതീക്ഷിച്ച ഫലം കിട്ടാതെ വന്നതോടെ പൂജാരിയെ ക്രൂരമായി ആക്രമിച്ച് യുവാവിന്റെ ബന്ധുക്കൾ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സത്യനാരായണ പൂജ ചെയ്തപ്പോൾ പൂജാരിക്ക് ഉണ്ടായ പിഴവാണ് വിവാഹം നടക്കാൻ വൈകുന്നതിന് കാരണം എന്ന് പറഞ്ഞാണ് മർദിച്ചത്.
കുഞ്ച്ബിഹാരി ശർമ്മ എന്ന 60 വയസ്സുള്ള പൂജാരിയെയാണ് അച്ഛനും രണ്ട് ആൺമക്കളും ചേർന്ന് വീട്ടിൽ കയറി തല്ലിയത്. രക്തം ഒലിക്കുന്ന ചെവിയുമായി പൂജാരിയെ നാട്ടുകാരാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ലക്ഷ്മികാന്ത് ശർമ്മയും ഇയാളുടെ മക്കളായ അരുൺ, വിപുൽ എന്നിവരും ചേർന്നാണ് പൂജാരിയെ തല്ലിയത്. വിപുലാണ് പൂജാരിയുടെ ചെവിയിൽ കടിച്ച് പരുക്കേൽപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
