അർഹതയില്ലാത്ത റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് പണി; യെല്ലോ ഓപ്പറേഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് വീടുകയറി പരിശോധനയിൽ കണ്ടെത്തിയത് 68 കാർഡുകൾ

കോഴിക്കോട്: ഓപ്പറേഷൻ യെല്ലോ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വച്ച 68 മുൻഗണനാ കാർഡുകൾ കോഴിക്കോട് പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ ഒളവണ്ണ, മടവൂർ, കൊടിനാട്ടുമുക്ക് എന്നീ പ്രദേശങ്ങളിൽ വീട് കയറി നടത്തിയ പരിശോധനയിൽ അനധികൃതമായി കൈവശം വെച്ചിരുന്ന അഞ്ച് എ എ വൈ കാർഡ്, 40 മുൻഗണനാ കാർഡുകൾ, 23 സ്റ്റേറ്റ് സബ്സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

സർക്കാർ ഉദ്യോഗസ്ഥരടക്കം നിലവിൽ മുൻഗണനാ കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായും എ സി സൗകര്യത്തോടുകൂടിയതും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകളും ഒന്നിലധികം നാല് ചക്ര വാഹനമുള്ളവരുമായ വ്യക്തികൾ നിലവിൽ സബ്സിഡി കാർഡ് അംഗങ്ങളായി തുടരുന്നതായും കണ്ടെത്തി.

ഇവർക്ക് നോട്ടീസ് നൽകിയതായും കാർഡുകൾ അടിയന്തിരമായി മാറ്റേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് അറിയിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ.

ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ എം സാബു, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ നിഷ കെ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുരേഷ് വി, ഷെദീഷ്.സി.കെ, ജീവനക്കാരായ മനു പ്രകാശ്, സീന. സി ബി മൊയ്തീൻകോയ എന്നിവർ പങ്കെടുത്തു.

അർഹതയില്ലാത്ത റേഷൻ കാർഡുകൾ കൈവശമുള്ളവർക്ക് പണി; യെല്ലോ ഓപ്പറേഷൻ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് വീടുകയറി പരിശോധനയിൽ കണ്ടെത്തിയത് 68 കാർഡുകൾ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes