
വണ്ടൂർ : ലോട്ടറി ടിക്കറ്റ് നമ്പറില്‍ മാറ്റംവരുത്തി നടത്തിയ തട്ടിപ്പില്‍ വില്പനക്കാരന് നഷ്ടപ്പെട്ടത് 5000 രൂപ. വണ്ടൂർ തിരുവാലി നടുവത്ത് സ്വദേശി കാട്ടുമുണ്ട മോഹന്‍ദാസിനാണ് പണം നഷ്ടപ്പെട്ടത്. രാവിലെ ആറോയോടെയാണ് സംഭവം. നടുവത്ത് അങ്ങാടിയില്‍ ലോട്ടറി ടിക്കറ്റ് വില്പന നടത്തുന്നതിനിടെ മോട്ടോര്‍ ബൈക്കിലെത്തിയ ഒരാള്‍ ഒന്നാം തീയതി നറുക്കെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടോയെന്ന് പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
നോക്കിയപ്പോള്‍ 5000 രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 200 രൂപയുടെ പുതിയ ടിക്കറ്റും 4800 രൂപയും മോഹന്‍ദാസില്‍നിന്ന് കൈപ്പറ്റി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് മോഹന്‍ദാസ് സമ്മാനര്‍ഹമായ ടിക്കറ്റ് സ്കാന്‍ ചെയ്തു നോക്കിയപ്പോഴാണ് നമ്പര്‍ വെട്ടി ഒട്ടിച്ചതാണെന്ന് ബോധ്യപ്പെട്ടത്. തട്ടിപ്പ് നടത്തിയയാള്‍ ഹെല്‍മെറ്റ് ധരിച്ചതിനാല്‍ തിരിച്ചറിയാനും സാധിച്ചിട്ടില്ല.
എന്നാല്‍, ഇയാള്‍ ഓടിച്ച മോട്ടോര്‍ ബൈക്കിന്റെ നമ്പര്‍ മോഹന്‍ദാസ് കുറിച്ചുവെച്ചിരുന്നു. ഇത് കാണിച്ച് വണ്ടൂര്‍ പൊലീസില്‍ പരാതി നല്കി. മുമ്പും സമാന രീതിയില്‍ മോഹന്‍ദാസിന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
