
ഉത്തര കൊറിയ വിക്ഷേപിച്ച മിസൈലിനു തിരിച്ചടി നൽകാനായി ദക്ഷിണ കൊറിയ നടത്തിയ മിസൈൽ വിക്ഷേപണം പാളി. ജപ്പാനു മുകളിലൂടെ മധ്യദൂര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചതിനു തിരിച്ചടി നൽകുകയായിരുന്നു ലക്ഷ്യം. യുഎസിനൊപ്പം സൈനികാഭ്യാസം നടത്തുകയായിരുന്ന ദക്ഷിണ കൊറിയ ഹ്യൂൻമൂ – 2 ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആണ് വിക്ഷേപിച്ചത്.
തൊട്ടുപിന്നാലെതന്നെ മിസൈൽ പ്രവർത്തനരഹിതമായി താഴെ വീണു. മിസൈലിന്റെ പ്രൊപ്പെല്ലന്റിൽ തീപിടിച്ചു, പക്ഷേ പോർമുന പൊട്ടിയില്ലെന്ന് ദക്ഷിണ കൊറിയൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു.
ദക്ഷിണ കൊറിയയുടെ ഗ്വാങ്ന്യുങ് വ്യോമസേന ആസ്ഥാനത്തിന് അടുത്തുള്ള മേഖലയിലാണ് മിസൈൽ പതിച്ചത്. ആർക്കും അപകടം പറ്റിയിട്ടില്ലെന്നും അപകട കാരണം എന്താണെന്ന് അന്വേഷിക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു.
