മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽനിന്ന് ആരും വിളിച്ചില്ല; ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കാനായി: ഷെല്ലി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷെല്ലി എൻ കുമാർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ ശാലിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷെല്ലി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. ബേസിൽ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മിന്നൽ മുരളി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ഷെല്ലി മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധനേടിയിരുന്നു.

മലയാളത്തിൽ കേരള കഫെ, ഫഹദ് ഫാസിൽ നായകനായ അകം, തമിഴിൽ ദേശീയ പുരസ്‌കാരം നേടിയ തങ്ക മീൻകൾ ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു സിനിമാതാരമായി മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് മിന്നൽ മുരളിയ്ക്ക് ശേഷമാണ്.

ടൊവിനോയാണ് മിന്നൽ മുരളിയായി എത്തിയതെങ്കിലും പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചയായത് ഉഷയും ഷിബുവും ആയിരുന്നു. ഷിബു എന്ന വില്ലൻ കഥാപാത്രമായി ഗുരു സോമസുന്ദരം തിളങ്ങിയപ്പോൾ ഷെല്ലിയാണ് ഉഷയായി എത്തിയത്. ഇവർ ഒരുമിച്ചുള്ള രംഗങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുകയും ചെയ്തിരുന്നു.

എന്നാൽ മിന്നൽ മുരളിക്ക് ശേഷം തനിക്ക് മലയാള സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചില്ല എന്ന് പറയുകയാണ് ഷെല്ലി ഇപ്പോൾ. തമിഴിലെ ഷെല്ലിയുടെ രണ്ടാമത്തെ ചിത്രമായ നാനെ വരുവേൻ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ധനുഷിനെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രത്തിൽ ധനുഷിന്റെ ഇരട്ട കഥാപാത്രത്തിന്റെ അമ്മ വേഷമാണ് ഷെല്ലി ചെയ്തത്. ഷെല്ലിയുടെ വാക്കുകൾ ഇങ്ങനെ.

‘ആളുകൾ കരുതുന്നത് പോലെ മിന്നൽ മുരളിക്ക് ശേഷവും എനിക്ക് അധികം ഓഫറുകൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ ആ സിനിമ കാരണം എനിക്ക് നാനേ വരുവേൻ ലഭിച്ചു, എന്നാൽ മലയാളത്തിൽ നിന്ന് ഇതുവരെ ഒന്നും വന്നിട്ടില്ല,’ ഷെല്ലി പറഞ്ഞു. മറ്റു താരങ്ങളെ പോലെ സ്വയം മാർക്കറ്റ് ചെയ്യാനും തനിക്ക് അറിയില്ലെന്ന് ഷെല്ലി പറയുന്നുണ്ട്.

നല്ല സിനിമകൾ വന്നാൽ ചെയ്യാൻ തനിക്ക് താൽപര്യമുണ്ടെന്നും എന്നാൽ കൃത്യമായി വേതനം നൽകുന്ന പ്രോജക്ടുകളിലേക്കെ താൻ ഉള്ളുവെന്നും ഷെല്ലി പറയുന്നു, ‘വേതനം നൽകുന്നതായിരിക്കണം. പൈസ ലഭിച്ചാൽ മാത്രമേ ഞാൻ എന്റെ ജോലി ചെയ്യൂ. എന്റെ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ ഞാൻ നോക്കുന്നില്ല. അതിന്റെ ഘട്ടം കഴിഞ്ഞു.’ താരം പറഞ്ഞു.

കുറച്ചു ദിവസത്തെ ഷൂട്ടിങ് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു എങ്കിലും നാനേ വരുവേനിലെ അനുഭവം ഏറ്റവും മികച്ചതായിരുന്നു. ധനുഷിനൊപ്പം സ്ക്രീൻ പങ്കിടാനുള്ള അവസരം ലഭിച്ചില്ലെങ്കിലും താരത്തിന്റെ സംവിധാനത്തിൽ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായതായി ഷെല്ലി പറയുന്നു. ‘പാച്ച് ഷൂട്ടിനിടയിലായിരുന്നു അത്. സെൽവ സാർ എഡിറ്റിംഗ് തിരക്കുകളിലായിരുന്നു, അതിനാൽ കുറച്ച് സീനുകൾ ധനുഷാണ് സംവിധാനം ചെയ്തത്,’ ആ അനുഭവം താൻ എന്നും മനസ്സിൽ സൂക്ഷിക്കുമെന്ന് ഷെല്ലി പറഞ്ഞു.

തെലുങ്കിൽ രണ്ടു വെബ് സീരീസുകളിലാണ് ഷെല്ലി ഇപ്പോൾ അഭിനയിക്കുന്നത്. മിന്നൽ മുരളിക്ക് ശേഷം നൽകിയ അഭിമുഖത്തിൽ സീരിയലുകളിലേക്ക് ഇല്ലെന്ന് ഷെല്ലി വ്യക്തമാക്കിയിരുന്നു. നിലവിൽ ഫ്രീലാൻസ് കോണ്ടെന്റ് റൈറ്ററായി പ്രവർത്തിക്കുകയാണ് ഷെല്ലി. അതിനിടയിലാണ് അഭിനയവും തുടരുന്നത്.

അതേസമയം, തിരുച്ചിദ്രമ്പലം എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ധനുഷിന്റേതായി തിയറ്ററിലെത്തിയ നാനേ വരുവേന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ധനുഷ് ഇരട്ട വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സൈക്കോ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 7.4 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.

മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽനിന്ന് ആരും വിളിച്ചില്ല; ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കാനായി: ഷെല്ലി
മിന്നൽ മുരളിക്ക് ശേഷം മലയാളത്തിൽനിന്ന് ആരും വിളിച്ചില്ല; ധനുഷിന്റെ സംവിധാനത്തിൽ അഭിനയിക്കാനായി: ഷെല്ലി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes