
നാസയുടെ ഭൗമപ്രതിരോധ ദൗത്യമായ ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്) ദൗത്യം ഇടിച്ചതിനെത്തുടർന്ന് ഡൈമോർഫസ് ഛിന്നഗ്രഹത്തിൽ നിന്ന് 10,000 കിലോമീറ്ററോളം അകലെവരെ പൊടിപടലങ്ങൾ വ്യാപിച്ചു. വാൽനക്ഷത്രങ്ങളുടെ വാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു. ചിലെയിൽ സ്ഥാപിച്ച ടെലിസ്കോപ്പാണ് ഈ ദൃശ്യം ഒപ്പിയെടുത്തത്.
സെപ്റ്റംബർ 27 പുലർച്ചെയാണ് ഡൈമോർഫസിലേക്ക് ഡാർട്ട് ഇടിച്ചിറങ്ങിയത്. ഛിന്നഗ്രഹങ്ങൾ അപകടകരമായ രീതിയിൽ ഭൂമിയിലേക്കു വന്നാൽ പ്രതിരോധത്തിനായി അവയെ ഇടിച്ചു തെറിപ്പിക്കാനാകുമോ എന്നറിയുകയാണു ഡാർട്ടിന്റെ ലക്ഷ്യം. ഡൈമോർഫസിന്റെ ഭ്രമണപഥം ചുരുങ്ങിയാൽ പദ്ധതി വിജയമായതായി കണക്കാക്കും. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഇനിയും സമയമെടുക്കും.
