crime

കട അടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ പൊലീസ് ചമഞ്ഞെത്തി ; കാറിൽ വിലങ്ങിട്ട് പൂട്ടി; അടിമുടി ദുരൂഹത

കാട്ടാക്കട: കട അടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെ പൊലീസ് ചമഞ്ഞെത്തി കാറിൽ വിലങ്ങിട്ടു ബന്ധിച്ച സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ഊർജിതമാക്കി. കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിൽ ഇലക്ട്രോണിക്സ് കട നടത്തുന്ന വ്യാപാരി നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിനു സമീപം സോണി മൻസിലിൽ മുജീബി(43)നെ ശനി രാത്രി അജ്ഞാതർ വിലങ്ങിട്ടു ബന്ധിച്ചത്.

കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്നു മുജീബ്. ഇയാളെ കാറിൽ പിന്തുടർന്ന 2 അംഗ സംഘം രാത്രി പത്തോടെ പൂവച്ചൽ ജംക്‌ഷനു സമീപം കാർ തടഞ്ഞ് വിലങ്ങിട്ടു ബന്ധിച്ചത്. കാട്ടാക്കട പൊലീസെത്തിയാണ് രക്ഷിച്ചത്. കാർ തടഞ്ഞ സംഘം പൊലീസ് വേഷത്തിലായിരുന്നു. ഇവർ ഇഡി ഉദ്യോഗസ്ഥരെന്നാണ് ആദ്യം പറഞ്ഞതെന്ന് മുജീബ് പൊലീസിനോട് പറഞ്ഞു. വിലങ്ങിട്ട ശേഷം അര മണിക്കൂറോളം സമയം ഇവർ മുജീബുമായി സംസാരിച്ചതായും ഇതിനു ശേഷം അക്രമികൾ കടന്നു എന്നാണ് മുജീബിന്റെ വാദമെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. മുജീബിനെ കണ്ട് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധന ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

അടിമുടി ദുരൂഹത

വ്യാപാരിയെ കാറിനുള്ളിൽ വിലങ്ങിട്ടു ബന്ധിച്ച് അജ്ഞാതർ കടന്ന സംഭവത്തിൽ അടിമുടി ദുരൂഹത. തട്ടിക്കൊണ്ടു പോകാൻ, അല്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാനാണ് വന്നതെങ്കിൽ 2 പേർ മാത്രമായി ഒരു കാർ ഓടിച്ച് വരുമോ? വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ 2 പേർ മാത്രം മതിയോ? തട്ടിക്കൊണ്ടു പോകാനെത്തിയവർ വഴിയിൽ കാർ തടഞ്ഞ് കാറിനുള്ളിൽ കയറി അര മണിക്കൂറോളം വ്യാപാരിയുമായി സംസാരിക്കുമോ? 2 പേർ മാത്രമാണ് കാറിൽ വന്നതെന്ന് ഉറപ്പിക്കുമ്പോൾ തട്ടിക്കൊണ്ടു പോയശേഷം അക്രമികൾ വന്ന കാർ ആര് കൊണ്ടു പോകും.?ഉപേക്ഷിക്കേണ്ടി വരില്ലെ? ഇങ്ങനെ ഉപേക്ഷിച്ചാൽ കൃത്യത്തിനു പ്രധാന തെളിവായി മാറില്ലേ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം. ഇതിനുള്ള ശ്രമമാണ് പൊലീസിന്റെത്. അനവധി സംശയങ്ങൾക്കുള്ള ശരിയായ ഉത്തരം ലഭിച്ചാലെ സംഭവത്തിലെ ദുരൂഹത മാറ്റാൻ കഴിയൂ.

വന്നവർ മുജീബ് കട അടച്ച് പോയതിനു പിന്നാലെ പിന്തുടർന്ന് വന്നു എന്നത് സത്യമെന്നു കണ്ടെത്തി. മുജീബിന്റെ കടയുടെ മുന്നിൽ മുജീബ് കട അടച്ച് പുറപ്പെടും മുൻപ് കാർ വന്നതും മുജീബ് കട അടച്ച് പുറപ്പെട്ടതിനു പിന്നാലെ നീല നിറത്തിലുള്ള സ്വിഫ്റ്റ് കാർ പുറപ്പെടുന്നതും മുജീബിന്റെ കടയിലെ സിസിടിവി ദൃശ്യത്തിൽ വ്യക്തം. പൊലീസ് വേഷത്തിലാണ് 2 പേർ എത്തിയെന്നത് സത്യം. എന്നാൽ ഇവർ കാർ തടഞ്ഞത് പൂവച്ചലിൽ ആൾ സാനിധ്യം ഉള്ള സ്ഥലത്ത്.

അക്രമികൾ കാറിൽ കയറിയശേഷം ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞു എന്നാണ് മുജീബിന്റെ മൊഴി. പൊലീസ് വേഷത്തിൽ വന്നവർ ഇഡി ഉദ്യോഗസ്ഥരെന്ന് പറയും എന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നില്ല. മാത്രമല്ല തട്ടിക്കൊണ്ടു പോകാനാണ് വന്നതെന്ന് മുജീബ് ഉറപ്പിക്കുമ്പോൾ ഇദ്ദേഹത്തിന്റെ മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിൽ സ്റ്റിയറിങ്ങിലും ഡ്രൈവർ സീറ്റിനു മുകൾ ഭാഗത്തുള്ള കൈപിടിയിലുമായാണ് വിലങ്ങ് കൊണ്ട് ഇരു കൈകളും ബന്ധിച്ചിരുന്നത്. പൊലീസ് എത്തിയാണ് വിലങ്ങ് അഴിച്ചത്. വിലങ്ങും കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഏതെങ്കിലും തരത്തിലുള്ള ദുരുദ്ദേശത്തോടെ വന്നവരെങ്കിൽ കാറിന്റെ താക്കോൽ വ്യാപാരിയുടെ കാറിൽ തന്നെ വയ്ക്കുമൊ? കാറിൽ അക്രമികൾ ഇരുന്ന സംസാരിക്കുമോ? തങ്ങൾ ലക്ഷ്യമിട്ട ഇരയെ കിട്ടിയാലുടൻ വേഗത്തിൽ തങ്ങളുടെ താവളത്തിൽ എത്തിക്കാനല്ലേ ശ്രമിക്കുകയുള്ളൂ. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കണം. ഇതിനു വ്യാപാരിയുടെ ബന്ധങ്ങളും ഇടപാടുകളും എല്ലാം പരിശോധിക്കണമെന്നാണ് പൊലീസ് പറയുന്നത്. അല്ലായെങ്കിൽ എന്താണ് ഇതിന്റെ ലക്ഷ്യമെന്നും കണ്ടെത്തണം. നഗരത്തിലെ ഗുണ്ടാ സംഘത്തിനു ഇതുമായി ബന്ധമുണ്ടോ എന്നതിലും അന്വേഷണം വേണ്ടിവരുമെന്ന സൂചന ഇതിനകം പുറത്ത് വന്നിട്ടുണ്ട്.

വിലങ്ങ്

വിലങ്ങുകൾ സുലഭമാണ്. പൊതു വിപണിയിലും ഓൺ ലൈനിലും വിലങ്ങുകൾ ലഭിക്കും. ഇത് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമേ ഉപയോഗിക്കാകൂ എന്ന് നിബന്ധനയില്ല. ആർക്കും പണമുണ്ടെങ്കിൽ വിലങ്ങ് വാങ്ങാം. പൊലീസുകാരനും വാങ്ങാം. പൗരനും വാങ്ങാം.അക്രമികൾക്കും സാമൂഹികവിരുദ്ധർക്കും വാങ്ങാം. ആരും ചോദിക്കില്ല. പക്ഷേ, താക്കോൽ ഒന്നേയുള്ളൂ. ഏത് വിലങ്ങും തുറക്കാൻ പൊലീസിന്റെ കയ്യിലുളള താക്കോലിനാകും. ആര് ബന്ധിച്ച വിലങ്ങും പൊലീസിനു തുറക്കാം. പൊലീസിനു മാത്രമല്ല, വിലങ്ങ് സ്വന്തമായുള്ള ആർക്കും ഏത് വിലങ്ങും തുറക്കാം. ശനിയാഴ്ച കാറിൽ വ്യാപാരിയെ വിലങ്ങിൽ ബന്ധിച്ചവർ കടന്നെങ്കിലും പൊലീസിന്റെ താക്കോലിൽ വ്യാപാരിയുടെ കൈകൾ സ്വതന്ത്രമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button