
ബെംഗളൂരു: കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുത്തതിന് പിന്നാലെ സാമൂഹിക മധ്യമങ്ങളിൽ ചർച്ചയായി യാത്രയിൽ നിന്നുള്ള ദൃശ്യം. ജോഡോ യാത്രയിൽ തനിക്കൊപ്പം ചേർന്ന മാതാവ് സോണിയ ഗാന്ധിക്ക് രാഹുൽ ഗാന്ധി ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘മാ’ (അമ്മ) എന്ന അടിക്കുറിപ്പോടെ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും രാഹുൽ ഗാന്ധിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയും ദൃശ്യം പങ്കുവെച്ചിരുന്നു.

രാഹുൽ നേതൃത്വം നൽകുന്ന പദയാത്രയിൽ കർണാടകയിലെ മാണ്ഡ്യയിൽ വെച്ചായിരുന്ന സോണിയ പങ്കുചേർന്നത്. അൽപനേരം തനിക്കൊപ്പം നടന്ന സോണിയാ ഗാന്ധിയോട് നടക്കുന്നത് അവസാനിപ്പിച്ച് കാറിലേക്ക് കയറാൻ രാഹുൽ ആവശ്യപ്പെടുന്ന ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ആദ്യം സോണിയ ആവശ്യം നിരസിക്കുന്നുണ്ടെങ്കിലും പിന്നീട് രാഹുലിന് വഴങ്ങി കാറിൽ കയറാൻ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
കർണാടകയിൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ മാണ്ഡ്യയിലെ ജഹനഹള്ളിയിൽ വെച്ചാണ് സോണിയ യാത്രയുടെ ഭാഗമായത്. പാണ്ഡവപുരത്ത് നിന്നാണ് യാത്ര വ്യാഴാഴ്ചത്തെ പര്യടനം ആരംഭിച്ചത്. കോവിഡ് ഭേദമായതിന് ശേഷം ആദ്യമായാണ് സോണിയാ ഗാന്ധി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ചയാണ് സോണിയാ ഗാന്ധി ജോഡോ യാത്രയിൽ പങ്കെടുക്കാനായി മൈസൂരുവിലെത്തിയത്. നേരത്തെ ബേഗൂർ ഗ്രാമത്തിലെത്തിയെ സോണിയാ ഗാന്ധി അവിടെ ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
