സിനിമയെ വെല്ലും കവര്‍ച്ച: ബാങ്കില്‍നിന്ന് മോഷ്ടിച്ചത് 12 കോടി; ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം

ഏകദേശം ഒരുവര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് അല്‍ത്താഫ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

മുംബൈ: സ്വകാര്യ ബാങ്കിൽനിന്ന് 12 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതി പോലീസിന്റെ പിടിയിൽ. താണെയിലെ ഐ.സി.ഐ.സി.ഐ. ബാങ്ക് ശാഖയിൽനിന്ന് പണം കവർന്ന കേസിലാണ് മുഖ്യപ്രതിയായ അൽത്താഫ് ഷെയ്ഖി(43)നെ രണ്ടരമാസത്തിന് ശേഷം പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് ഒമ്പതുകോടി രൂപ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

ജൂലായ് 12-ാം തീയതിയാണ് താണെയിലെ ബാങ്ക് ശാഖയിൽ വൻ കവർച്ച നടന്നത്. കേസിൽ അൽത്താഫിന്റെ സഹോദരി നിലോഫർ അടക്കം നാലുപ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ താണെ പോലീസും നവിമുംബൈ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അൽത്താഫും പിടിയിലായത്.

ഏകദേശം ഒരുവർഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് അൽത്താഫ് കവർച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. കവർച്ച നടന്ന ബാങ്കിലെ കസ്റ്റോഡിയനായി ജോലിചെയ്യുകയായിരുന്നു ഇയാൾ. ലോക്കറുകളുടെ താക്കോൽ അടക്കം സൂക്ഷിക്കുന്നതായിരുന്നു ജോലി. ഇതിനിടെയാണ് പ്രതി സിനിമയെ വെല്ലുന്ന കവർച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

മോഷണത്തിന് മുമ്പ് ബാങ്കിലെ സുരക്ഷാസംവിധാനങ്ങളെ സംബന്ധിച്ച് പ്രതി വിശദമായ പഠനം നടത്തിയിരുന്നു. കവർച്ച നടന്ന ദിവസം ബാങ്കിലെ സിസിടിവി ക്യാമറകളും അലാറം സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കി. പിന്നാലെ ലോക്കറുകൾ തുറന്ന് പണം കൈക്കലാക്കുകയും ഈ പണം എ.സി. ഡക്ട് വഴി മാലിന്യക്കുഴലിലൂടെ പുറത്ത് എത്തിക്കുകയും ചെയ്തു. ലോക്കറിൽനിന്ന് പണം കാണാതായതോടെയാണ് ബാങ്ക് അധികൃതർ മോഷണം നടന്ന വിവരമറിയുന്നത്.

അതേസമയം, കവർച്ചയ്ക്ക് പിന്നാലെ അൽത്താഫ് ഷെയ്ഖ് നാട്ടിൽനിന്ന് മുങ്ങിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ രൂപമാറ്റം വരുത്തി, ബുർഖ ധരിച്ചാണ് ഇയാൾ കറങ്ങിനടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

ബാങ്കിൽനിന്ന് മോഷ്ടിച്ച 12.20 കോടി രൂപയിൽ ഒമ്പത് കോടി രൂപയും മുഖ്യപ്രതിയിൽനിന്ന് കണ്ടെടുത്തതായാണ് പോലീസ് പറയുന്നത്. അൽത്താഫിന്റെ സഹോദരി സൂക്ഷിച്ചിരുന്ന പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കിൽനിന്ന് കവർന്ന മുഴുവൻ തുകയും ഉടൻ കണ്ടെടുക്കാനാകുമെന്നും കേസിൽ കൂടുതൽപേർ പിടിയിലാകുമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

സിനിമയെ വെല്ലും കവര്‍ച്ച: ബാങ്കില്‍നിന്ന് മോഷ്ടിച്ചത് 12 കോടി; ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes