സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ചെന്ന ആരോപണം; ഇന്ത്യൻ കമ്പനിക്കെതിരെ നടപടി ഉണ്ടാകും

ഇന്ത്യൻ കമ്പനി നിർമിച്ച ചുമ സിറപ്പ് കഴിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ചെന്ന ആരോപണത്തില്‍ മരുന്ന് കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും. കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ് ലാബിലും ചണ്ഡിഗഡിലെ റീജണല്‍ ടെസ്റ്റിങ് ലാബില്‍നിന്നും ലഭിക്കുന്ന പരിശോധനാഫലത്തിന്‍റെ അടിസ്ഥാനത്തിലാകും നടപടി. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് രാജ്യത്തെ മരുന്ന് കമ്പനികളുടെ കൂട്ടായ്മയും വിശദീകരണം തേടി.

മറ്റൊരു രാജ്യത്തെ സംഭവമാണെങ്കിലും രാജ്യത്തെയാകെ മരുന്നു കമ്പനികളുടെ വിശ്വാസ്യതയെ രാജ്യാന്തര തലത്തില്‍ തന്നെ ചോദ്യംചെയ്യുന്നതായി ഗാംബിയയിലെ 66 കുട്ടികളുടെ മരണം. അതിനാല്‍ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ നാല് സിറപ്പുകളുടെ സാംപിളാണ് കൊല്‍ക്കത്ത സെൻട്രൽ ലാബിലും ചഢിഗഢിലെ റീജണല്‍ ടെസ്റ്റിങ് ലാബിലുമായി പരിശോധിക്കുന്നത്. ഫലം അറിഞ്ഞശേഷം നടപടിയെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.

മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ ഒരു മരുന്നും ഇന്ത്യയില്‍ വില്‍ക്കുന്നില്ല. കയറ്റുമതിക്കാണ് അനുമതിയുള്ളത്. അതിനിടെ കമ്പനിയുടെ ലൈസന്‍സ്, ഉല്‍പ്പാദനം, വിതരണം ആര്‍ക്കൊക്കെ തുടങ്ങിയ വിവരങ്ങള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കൃത്യമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ അംഗത്വവും റജിസ്ട്രേഷനു റദ്ദാക്കപ്പെട്ടേക്കാം. വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍, ഈതൈലീന്‍ ഗ്ലൈക്കോള്‍ എന്നിവ സിറപ്പില്‍ അമിത അളവില്‍ ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്. എന്നാല്‍ കുട്ടികളുടെ മരണത്തിന് ഈ കമ്പനിയുടെ മരുന്നുതന്നെയാണോ യഥാര്‍ഥ കാരണമെന്നത് സംബന്ധിച്ച് ഇന്ത്യ ലോകാരോഗ്യസംഘടനയില്‍നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.




സിറപ്പ് കഴിച്ച് 66 കുട്ടികൾ മരിച്ചെന്ന ആരോപണം; ഇന്ത്യൻ കമ്പനിക്കെതിരെ നടപടി ഉണ്ടാകും

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes