
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ ധാരാളം ഐഎസ് ഭീകരർ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയുമൊക്കെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. മൊസാംബിക്കിൽ ദീർഘ നാളായി ഐഎസ് ഭീകരരും സർക്കാർ അനുകൂല സേനകളും തമ്മിൽ പോരാട്ടം തുടർന്നുവരികയാണ്. അൽ ഷബാബ് എന്ന ഉപസംഘടനയുടെ നേതൃത്വത്തിലാണ് മുഖ്യമായും ഐഎസ് മൊസാംബിക്കിൽ പ്രവർത്തിക്കുന്നത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പൊലീസ് മേധാവിയാണ് അൽ ഷബാബ് ഭീകരർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകിയിരിക്കുന്നത്.
കുറേപ്പേർ പ്രതിരോധ സേനകളുടെ വെടിയുണ്ടകളാലും മറ്റനേകം പേർ പാമ്പുകൾ, കാട്ടുപോത്തുകൾ, സിംഹങ്ങൾ, മുതലകൾ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണത്താലും കൊല്ലപ്പെട്ടെന്നാണ് ക്വിസംഗ പൊലീസ് നൽകുന്ന വിവരം. ക്വിസംഗയിൽ കഴിഞ്ഞ ദിവസങ്ങളിൽ 16 ഭീകരരാണ് കൊല്ലപ്പെട്ടത്. മൊസാംബിക്കിൽ എണ്ണ സമ്പുഷ്ടമായ മേഖലയാണ് കാബോ ഡെൽഗാഡോ. ഇവിടെ 2017 മുതൽ തന്നെ ഐഎസ് ആക്രമണങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ 2020 ആയതോടെ ആക്രമണങ്ങൾ മൂർധന്യത്തിലെത്തിയെന്ന് മേഖലയെക്കുറിച്ച് പഠനം നടത്തുന്ന വിദഗ്ധർ പറയുന്നു.
