
കോഴിക്കോട്ടെ മാളില്‍ യുവനടിമാര്‍ക്ക് നേരെയുണ്ടായ പീഡനശ്രമത്തില്‍ ഇരുട്ടില്‍തപ്പി പൊലീസ്. പ്രതികളെക്കുറിച്ച് സൂചനപോലും ഇതുവരെ ലഭിച്ചിട്ടില്ല. അതിക്രമത്തെതുടര്‍ന്ന് നടി മുഖത്തടിച്ച ആളല്ല പ്രതിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
സിനിമാ പ്രമോഷന്‍ കഴിഞ്ഞു പുറത്തേക്കിറങ്ങുന്നതിനിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതികളെക്കുറിച്ച് ഇപ്പോഴും സൂചനയില്ല. സിനിമയുെട അണിയറപ്രവര്‍ത്തകരടക്കം തന്ന ക്യാമറയിലെടുത്ത ദൃശ്യങ്ങളുടെ ആറ് ഫയലുകള്‍ പൂര്‍ണമായി പരിശോധിച്ചു. നടിമാര്‍ ഇറങ്ങിപോകുന്നത് മൊബൈലില്‍ പകര്‍ത്തിയത് 20 പേരാണെന്ന് മറ്റു ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. ഈ 20 പേരെയും വിളിച്ചുവരുത്തി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. നടിമാര്‍ക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ലൈംഗിക അതിക്രമത്തിന് പിന്നാലെ നടിമാരില്‍ ഒരാള്‍, മുഖത്തടിച്ച ആളല്ല പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ വിശദമായി പൊലിസ് ചോദ്യം ചെയ്തു. സിസിടിവി ക്യാമറകളില്ലാത്തത് വലിയ പ്രതിസന്ധിയാണ്. 35 മീറ്റര്‍ അകലെയാണ് ഏറ്റവും അടുത്ത സിസിടിവി. ഈ സിസിടിവിയിലാകട്ടെ കാര്യമായി ഒന്നും പതിഞ്ഞിട്ടുമില്ല. കൂടുതല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധനയക്കായി ഡല്‍ഹിയിലേയ്ക്ക് അയച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചനകളൊന്നും കിട്ടിയിട്ടില്ല. പ്രതികളെ കണ്ടാലറിയാമെന്ന് നടിമാര്‍ പൊലിസിന് മൊഴി നല്‍കിയിരുന്നു. സിനിമയുടെ സംവിധായകന്‍റെയും നടിമാരില്‍ ഒരാളുടേയും പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രതികളിലേയ്ക്കുള്ള ദൂരം അകലെയാണ്. തുടര്‍ച്ചയായ അന്വേഷണത്തിലൂടെ ആ ദുരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. തെളിവുകളുടെ അഭാവം വലിയ പ്രതിസന്ധിയാണെങ്കിലും അന്വേഷസംഘം പ്രതീക്ഷ കൈവിട്ടിട്ടില്ല.
