ബംഗ്ലാ കടുവകളെ അടിച്ചോടിച്ച് അശ്വിനും ജഡേജയും, ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ വമ്പൻ തിരിച്ചുവരവുമായി ഇന്ത്യ, അശ്വിന് സെഞ്ചുറി
ചെന്നൈ: ബംഗ്ലദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞശേഷം ഇന്ത്യയുടെ വമ്പന്‍ തിരിച്ചുവരവ്. ആര്‍ അശ്വിന്‍റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. 102 റണ്‍സുമായി അശ്വിനും 86 റണ്‍സോടെ ജഡേജയും ക്രീസില്‍. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 195 റണ്‍സാണ് ഇന്ത്യൻ ഇന്നിംഗ്സിന്‍റെ നട്ടെല്ലായത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 144-6 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞശേഷമായിരുന്നു അശ്വിനിലൂടെയും ജഡേജയിലൂടെയും തിരിച്ചുവന്നത്. അശ്വിന്‍റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ അശ്വിന്‍ 108 പന്തിലാണ് സെഞ്ചുറി തികച്ചത്. 117 പന്തില്‍ 86 റണ്‍സുമായി ജഡേജയാണ് ആദ്യ ദിനം അവസാനിക്കുമ്പോള്‍ ക്രീസില്‍ അശ്വിന് കൂട്ടായുള്ളത്. ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് ഇന്ത്യ പിന്‍മാറണം, സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി ബോയ്ക്കോട് ബംഗ്ലാദേശ് മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയപ്പോള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനുള്ള ബംഗ്ലാദേശിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. ആറാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(6)യെ ഹസന്‍ മെഹ്മൂദ് മടക്കി. പിന്നാലെ ശുഭ്മാന്‍ ഗില്‍(0) മെഹ്മൂദിന്‍റെ പന്തില്‍ പൂജ്യനായി മടങ്ങി. വിരാട് കോലി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ആറ് പന്തില്‍ ആറ് റണ്‍സെടുത്ത് മെഹ്മൂദിന്‍റെ പന്തില്‍ പുറത്തായതോടെ ഇന്ത്യ ഞെട്ടി. റിഷഭ് പന്തും യശസ്വി ജയ്സ്വാളും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. 39 റണ്‍സെടുത്ത റിഷഭ് പന്തിനെയും ഹസന്‍ മെഹ്മൂദ് മടക്കിയതോടെ 100 കടക്കും മുമ്പെ ഇന്ത്യക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ലഞ്ചിന് പിന്നാലെ അർധസെഞ്ചുറി തികച്ച യശസ്വി ജയ്സ്വാളും(56) മുട്ടിക്കളിച്ച കെ എല്‍ രാഹുലും(52 പന്തില്‍ 16) കൂടി പുറത്തായതോടെയാണ് ഇന്ത്യ 144-6ലേക്ക് കൂപ്പുകുത്തിയത്. പിന്നീടായിരുന്നു അശ്വിന്‍റെയും ജഡേജയുടെയും കൂട്ടുകെട്ടില്‍ ഇന്ത്യയുടെ തിരിച്ചുവരവ്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുവരും ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് സമ്മര്‍ദ്ദത്തിലായി.
പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം ലഞ്ചിനുശേഷം ലഭിക്കാതിരുന്നതോടെ അശ്വിനും ജഡേജക്കും കാര്യങ്ങള്‍ എളുപ്പമായി.10 ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് അശ്വിന്‍ 102 റണ്‍സെടുത്തത്. 87 റണ്‍സെടുത്ത ജഡേജയും 10 ബൗണ്ടറിയും രണ്ട് സിക്സുകളും പറത്തി. ബംഗ്ലാദേശിനായി പേസര്‍ ഹസന്‍ മെഹ്മൂദ് 58 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ നാഹിദ് റാണയും മെഹ്ദി ഹസന്‍ മിറാസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി