കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ; നാളെ മുതല്‍ പ്രാബല്യത്തില്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. മെഡിക്കല്‍ കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒപി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെന്നും
അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ മുതല്‍ക്കൂട്ടാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ ഒപി ടിക്കറ്റ് സൗജന്യമായാണ് നല്‍കുന്നത്.”