സ്വകാര്യ ചാറ്റുകള്‍ ഇനി ‘ലോക്കിട്ട്’ സൂക്ഷിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്സാപ്പ്

വ്യക്തിഗത ചാറ്റുകൾ ലോക്ക് ചെയ്ത് സൂക്ഷിക്കാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്സാപ്പ്. പാസ്‌വേഡ് ഉപയോഗിച്ചോ ബയോമെട്രിക് ഓതന്റിക്കേഷൻ വഴിയോ ഇത്തരത്തില്‍ ചാറ്റുകള്‍ ലോക്ക് ചെയ്യാവുന്നതാണ്. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളുടെ സുരക്ഷയും സ്വകാര്യതയും വര്‍ധിപ്പിക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ചാറ്റുകൾ ലോക്ക് ചെയ്യുന്നതിന് പുറമെ പ്രത്യേക ഫോൾഡറിൽ സ്വകാര്യ സംഭാഷണങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ സ്വകാര്യമായി സൂക്ഷിക്കന്ന ചാറ്റുകളുടെ നോട്ടിഫിക്കേഷനിലെ പേരും സന്ദേശവും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യാം.
എങ്ങിനെ ചാറ്റ് ലോക്ക് പ്രവര്‍ത്തനക്ഷമമാക്കാം?
ഇതിനായി വാട്സാപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ശേഷം നിങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റ് തിരഞ്ഞെടുത്ത് ചാറ്റിലെ പ്രൊഫൈല്‍ പിക്ച്ചറില്‍ ക്ലിക്ക് ചെയ്യുക. മെസേജ് മെനുവിന് തൊട്ടുതാഴെയായി ചാറ്റ് ലോക്ക് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ചാറ്റ് ലോക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. ലോക്ക് ചെയ്‌ത ചാറ്റുകൾ ആക്‌സസ് ചെയ്യാൻ ഹോം പേജിൽ താഴേക്ക് സ്വൈപ്പ് ചെയ്താല്‍ മതി. ഇത്തരത്തില്‍ ഒന്നിലധികം ചാറ്റുകൾക്കായി ചാറ്റ് ലോക്ക് പ്രവർത്തനക്ഷമമാക്കാനും കഴിയും.
