ഉച്ചഭക്ഷണത്തില്‍ പല്ലി; ബിഹാറില്‍ 36 വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം

സ്കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് 36 വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ബിഹാറിലെ സരണ്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഭക്ഷണത്തില്‍ നിന്ന് പല്ലിയെ കിട്ടിയ കുട്ടി, ഉടന്‍ തന്നെ പ്രധാനാധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. ഉടനടി ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവച്ചു. എന്നാല്‍ ഭക്ഷണം കഴിച്ച കുട്ടികളില്‍ പലര്‍ക്കും ഇതിനകം ഛര്‍ദിയടക്കമുള്ള അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 36 കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തില്‍ ജില്ലാതല അന്വേഷണം പ്രഖ്യാപിച്ചതായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. 40 വിദ്യാര്‍ഥികളാണ് സ്കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ചത്. അതില്‍ 36 പേര്‍ക്കാണ് അസുഖമുണ്ടായതെന്നും ഭക്ഷണവിതരണം നടത്തിയ എന്‍ജിഒയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2016 ജൂലൈയില്‍ വിഷം കലര്‍ന്ന ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് സരണ്‍ ജില്ലയിലെ തന്നെ 23 കുട്ടികള്‍ മരിച്ചിരുന്നു.
