ബിജെപി നേതാവിന്റെ മകളുടെ ഭാവി വരനായി മുസ്‌ലിം യുവാവ്; ചര്‍ച്ചച്ചൂട്

ബിജെപി നേതാവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ യശ്പാൽ ബെനത്തിന്റെ മകളുടെ വിവാഹ ക്ഷണക്കത്താണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മുസ്‌ലിം യുവാവിനെയാണ് യശ്പാലിന്റെ മകൾ വിവാഹം കഴിക്കുന്നത്.
ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുന്നു എന്നതിന്റെ പേരിൽ ബിജെപി നേതാക്കൾക്കിടയില്‍ വിമർശനമുയരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇത്തരമൊരു കല്ല്യാണം എന്ന് ചിലർ വാദിക്കുമ്പോൾ, മറ്റുള്ളവർ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്നും പരിഹാസമായി കുറിക്കുന്നു. അടുത്തിടെ ഏറെ വിവാദങ്ങൾ ഏറ്റുവാങ്ങിയ ദി കേരള സ്റ്റോറിയുമായും ചിലർ സംഭവത്തെ താരതമ്യപ്പെടുത്തി.
പൗരിയിലെ ഒരു റിസോർട്ടിൽ വെച്ച് മെയ് 28 നാണ് ഇരുവരുടെയും വിവാഹം. നേരത്തെ കോൺഗ്രസിലായിരുന്ന യശ്പാൽ 2007ൽ പൗരി നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും മുതിർന്ന രാഷ്ട്രീയ നേതാക്കളെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്.
