അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവം: മൊബൈല്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് വന്ന മൊബൈല്‍ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. ഭര്‍ത്താവിനെതിരെ മരിച്ച യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം വിപുലപ്പെടുത്തിയത്. അതേസമയം തര്‍ക്കത്തിനൊടുവില്‍ ഇരുമൃതദേഹങ്ങളും യുവതിയുടെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി.
പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫിന്റെ ഭാര്യ അഞ്ചുവും 9 മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഡേവിഡുമാണ് ചൊവ്വാഴ്ച വൈകിട്ട് പൊള്ളലേറ്റ് മരിച്ചത്. അഞ്ചു വീട്ടില്‍ വച്ചും കുട്ടി ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. കുഞ്ഞിനെയും ചേര്‍ത്ത് വച്ച് അഞ്ചു തീ കൊളുത്തി ആത്മഹത്യ ചെയ്തെന്നാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. എന്നാല്‍ മരണത്തിന് പിന്നില്‍ ഭര്‍ത്താവാണെന്നാണ് അഞ്ചുവിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. അതിനാലാണ് വിശദ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്. വീടിന് സമീപത്തെ ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളികാണാന്‍ പോയ സമയത്ത് ഞാനും കുഞ്ഞും ഈ ലോകം വിട്ടുപോകുന്നതായി അഞ്ചു മെസേജ് അയച്ചെന്നും വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നെന്നുവാണ് രാജു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇത് സത്യമാണോയെന്ന് അറിയാന്‍ ഫോണ്‍ സന്ദേശങ്ങളും ഫോണ്‍ വിളിവിവരങ്ങളും പരിശോധിക്കാനാണ് തീരുമാനം. അതേസമയം മൃതദേഹങ്ങളുെട അവകാശത്തെ ചൊല്ലി രാജുവും അഞ്ചുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. അതിനേ തുടര്‍ന്ന് ഇന്നലെ വിട്ടുനല്‍കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പൊലീസ് ഇടപെട്ട് അഞ്ചുവിന്റെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. അതിനിടെ കേസില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
