World

ജാപ്പനീസ് നടൻ വീട്ടിലെ ശുചിമുറിയിൽ അബോധാവസ്ഥയിൽ; മാതാപിതാക്കൾ മരിച്ചനിലയിൽ

ജപ്പാനിലെ പ്രമുഖ കബുക്കി നടനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തി. നാൽപ്പത്തേഴുകാരനായ ഇന്നോസുകെ ഇച്ചിക്കാവയെയാണ് വീട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെയും അബോധാവസ്ഥയിൽ കണ്ടെത്തിയെങ്കിലും ഇവരുടെ മരണം പിന്നീട് സ്ഥിരീകരിച്ചു. ഇച്ചിക്കാവയുടെ എഴുപത്താറുകാരനായ പിതാവും എഴുപത്തഞ്ച് വയസ്സുള്ള മാതാവുമാണ് മരിച്ചത്. പിതാവും കബുക്കി നടനായിരുന്നു.

ഇച്ചിക്കാവയെ കണ്ടെത്തുമ്പോൾ ക്ലോസറ്റിൽ ഇരിക്കുകയായിരുന്നെന്നും ആരോഗ്യനില ഗുരുതരമല്ലെന്നും ടോക്കിയോ പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇച്ചിക്കാവ എഴുതിയ ആത്മഹത്യാക്കുറിപ്പ് വീടിനുള്ളിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പരമ്പരാഗത നൃത്തവും അഭിനയവും കലർത്തിയുള്ള ജാപ്പനീസ് നാടകത്തിന്റെ ക്ലാസിക്കൽ രൂപമായ കബുക്കിയിലൂടെയാണ് ഇന്നോസുകെ ഇച്ചികാവ ജപ്പാനിൽ പ്രസിദ്ധനായത്.

1980ലാണ് ഇന്നോസുകെ ഇച്ചിക്കാവ കബുക്കിയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് രാജ്യത്തെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ ഒരാളായി മാറി. പരമ്പരാഗത നാടകവേദികളിൽ പ്രകടനം തുടരുന്നതിനിടയിൽ ടെലിവിഷൻ ഷോകളിലും സിനിമകളിലും തിളിങ്ങി. ലണ്ടൻ, ആംസ്റ്റർഡാം, പാരീസ് ഒപ്പേറ ഹൗസ് എന്നിവിടങ്ങളിൽ ഇച്ചിക്കാവ കബുക്കി അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button