sports

പൊരുതി വീണ് റിങ്കു; കൊൽക്കത്തയെ ഒരു റൺസിന് തകർത്ത് ലഖ്‌നൗ പ്ലേഓഫിൽ

കൊൽക്കത്ത ഇന്ത്യൻ പ്രീമിയർ ലീഗ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ ലഖ്‌നൗ സൂപ്പര്‍ ജയിന്‍റ്സ് ലഖ്‌നൗ പ്ലേ ഓഫ് നിതീഷ് റാണ ജോസന്‍ റോയ്
ലഖ്‌നൗ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത വിജയത്തിന് ഒരു റൺസ് അകലെ വീണുപോകുകയായിരുന്നു. വിജയത്തോടെ ലഖ്‌നൗ പ്ലേ ഓഫ് യോഗ്യത നേടി.

കൊൽക്കത്ത:ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്തെറിഞ്ഞ് പ്ലേ ഓഫ് പ്രവേശനം ഉറപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ്. ലഖ്‌നൗ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസേ നേടാനായുള്ളു. വിജയത്തോടെ ലഖ്‌നൗ 14 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു.

പതിഞ്ഞ താളത്തില്‍ ലഖ്‌നൗ കണ്ടെത്തിയ റണ്ണുകള്‍ അതിവേഗത്തില്‍ മറികടന്ന് റണ്‍റേറ്റ് വര്‍ധിപ്പിക്കുകയാണ് മുന്നിലുള്ള ഏക വഴിയെന്ന് വ്യക്തമാക്കുന്നത് തന്നെയായിരുന്നു കൊല്‍ക്കത്തന്‍ ബാറ്റിങ്. ഓപ്പണര്‍മാരായെത്തിയ ജോസന്‍ റോയിയും വെങ്കടേഷ് അയ്യരും ഈ ഉദ്യേശം ക്രീസില്‍ നല്ല രീതിയില്‍ നടപ്പാക്കി. ആദ്യ ഓവറില്‍ തന്നെ സിക്‌സറുകളും ബൗണ്ടറികളും പായിച്ച് റോയ്- അയ്യര്‍ കൂട്ടുകെട്ട് ലഖ്‌നൗവിനെ ഞെട്ടിച്ചു.ഇതിനിടെ ആറാമത്തെ ഓവറില്‍ വെങ്കടേഷ് അയ്യരെ മടക്കി കൃഷ്‌ണപ്പ ഗൗതം ലഖ്‌നൗവിന് ആശ്വാസം നല്‍കി. 15 പന്തില്‍ ഒരു സിക്‌സും മൂന്ന് ബൗണ്ടറികളുമായി 24 റണ്‍സ് നേടിയാണ് അയ്യര്‍ മടങ്ങിയത്. ഈ സമയം തകര്‍ത്താടുന്ന ജേസന്‍ റോയിയെ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച് റാണ സഹായിച്ചാലുണ്ടാവുന്ന അപകടവും ലഖ്‌നൗ മനസിലാക്കി. ക്രീസിലെ അപകടകാരികളില്‍ ഒരാളെയെങ്കില്‍ അടിയന്തരമായി മടക്കി താല്‍കാലിക ആശ്വാസം കണ്ടെത്താന്‍ ലഖ്‌നൗ ശ്രമം ആരംഭിച്ചു.

അധികം വൈകാതെ ഒമ്പതാമത്തെ ഓവറിലെ മൂന്നാം പന്തില്‍ കൊല്‍ക്കത്തന്‍ നായകന്‍ നിതീഷ് റാണയെ മടക്കി രവി ബിഷ്‌ണോയി കരുത്തുകാട്ടി. മാത്രമല്ല എട്ട് റണ്‍സ് മാത്രം നേടിയുള്ള കൊല്‍ക്കത്തന്‍ നായകന്‍റെ മടക്കം ലഖ്‌നൗ നായകന്‍ ക്രുനാല്‍ പാണ്ഡ്യയുടെ കൈകള്‍ കൊണ്ടായിരുന്നു. പിന്നാലെ ഗുര്‍ബാസെത്തിയതോടെ റോയിയുടെ അക്രമോത്സുകത വര്‍ധിക്കാനുള്ള സാധ്യതയും ലഖ്‌നൗ മണത്തി.അധികം വൈകിയില്ല 10-ാം ഓവറിലെ അവസാന പന്തില്‍ റോയിയെ മടക്കി ക്രുനാല്‍ പാണ്ഡ്യ ഈ സാധ്യതകള്‍ തല്ലിത്തകര്‍ത്തു. 28 പന്തില്‍ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 45 റൺസ് നേടിയായിരുന്നു റോയിയുടെ മടക്കം. തൊട്ട് പിന്നാലെ തന്നെ ഗുർബാസും (10) മടങ്ങി. പിന്നാലെ ആന്ദ്രേ റസൽ (7) ശാർദുൽ താക്കൂർ (3), സുനിൽ നരെയ്ൻ (1) എന്നിവരും നിരനിരയായി മടങ്ങിയതോടെ കൊൽക്കത്ത പരാജയം മുന്നിൽ കണ്ടു.

എന്നാൽ ഒരു വശത്ത് റിങ്കു സിങ് തകർത്തടിക്കുന്നുണ്ടായിരുന്നു. നവീൻ ഉൾ ഹക്ക് എറിഞ്ഞ 19-ാം ഓവറിൽ 20 റൺസാണ് റിങ്കു സിങ് അടിച്ചെടുത്തത്. ഇതിനിടെ 27 പന്തിൽ താരം തൻ്റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. ഇതോടെ അവസാന ഓവറിൽ 21 റൺസായി കൊൽക്കത്തയുടെ വിജയ ലക്ഷ്യം.എന്നാൽ യാഷ് താക്കൂർ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ നേടി കൊൽക്കത്തയെ വിജയത്തിനരികിലെത്തിച്ചെങ്കിലും ഒരു റൺസ് റിങ്കുവിൻ്റെ പോരാട്ടം അവസാനിക്കുകയായിരുന്നു. റിങ്കു സിങ് 33 പന്തിൽ നാല് സിക്സും ആറ് ഫോറും ഉൾപ്പെടെ 67 റൺസുമായും സുനിൽ നരെയ്ൻ ഒരു റൺസുമായും പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി യാഷ് താക്കൂർ, രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുണാൽ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം എന്നിവർ ഓരോ വിക്കറ്റും നേടി.

വെടിക്കെട്ട് തീർത്ത് പുരാൻ:

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ പതിയെയായിരുന്നു മത്സരം ആരംഭിച്ചത്. ഓപ്പണര്‍മാരായെത്തിയ കരണ്‍ ശര്‍മയും ക്വിന്‍റന്‍ ഡി കോക്കും നിലയുറപ്പിക്കും മുന്നേ തന്നെ ലഖ്‌നൗവിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. കരൺ ശർമയെ (3) പുറത്താക്കി ഹര്‍ഷിത് റാണയാണ് ലഖ്‌നൗവിന് ആദ്യ തിരിച്ചടി നൽകിയത്. എന്നാല്‍ പിന്നാലെയെത്തിയ പ്രേരക് മങ്കാദിനെ കൂടെക്കൂടി ഡി കോക്ക് ലഖ്‌നൗവിന്‍റെ സ്‌കോര്‍ ബോര്‍ഡിനെ ചലിപ്പിച്ചു.എന്നാല്‍ ഏഴാം ഓവറില്‍ 26 റണ്‍സുമായി നിന്നിരുന്ന മങ്കാദിനെ മടക്കി വൈഭവ് അറോറ ലഖ്‌നൗ മുന്നേറ്റ നിരയുടെ ഒത്തിണക്കം തകര്‍ത്തു. പിന്നാലെ എത്തിയ സ്‌റ്റോയിനിസ് സംപൂജ്യനായി മടങ്ങിയതോടെ ലഖ്‌നൗ പൊരുതാനുള്ള സ്‌കോറിനായി സൂക്ഷ്‌മതയോടെ ബാറ്റുവീശി തുടങ്ങി.
// Loading …//തൊട്ടുപിന്നാലെ നായകന്‍ ക്രുണാല്‍ പാണ്ഡ്യ വരികയും കേവലം ഒമ്പത് റണ്‍സ് മാത്രം നേടി മടങ്ങുകയും ചെയ്‌തോടെ ടീം കുറഞ്ഞ സ്‌കോറില്‍ മത്സരം അവസാനിപ്പിക്കുമോ എന്ന പ്രതീതി ലഖ്‌നൗ ക്യാമ്പില്‍ പടര്‍ന്നു. എന്നാല്‍ പകരമെത്തിയ ആയുഷ് ബദോനി ലഖ്‌നൗവിന് തുടര്‍ശ്വാസം നല്‍കി. ഈ സമയം 11 -ാം ഓവറിലെ ആദ്യ പന്തില്‍ ഡി കോക്ക് (28) മടങ്ങിയതോടെ ബദോനി നല്ലൊരു പങ്കാളിക്കായി കാത്തു.പ്രതീക്ഷകള്‍ക്ക് ചിറകുമുളപ്പിച്ച് നിക്കോളസ് പൂരന്‍ എത്തിയതോടെ ലഖ്‌നൗ ഒന്നുണര്‍ന്നു. ബദോനി പൂരന്‍ കൂട്ടുകെട്ട് നല്ല രീതിയില്‍ മുന്നേറവെ ബദോനിയെ മടക്കി കൊല്‍ക്കത്ത തിരിച്ചുവരവ് നടത്തി. 21 പന്തില്‍ 25 റണ്‍സ് നേടിയായിരുന്നു ബദോനിയുടെ മടക്കം. എന്നാല്‍ ക്രീസില്‍ ഉറച്ചുനിന്ന പൂരന്‍ കൃഷ്‌ണപ്പ ഗൗതമിനെ കൂടെക്കൂട്ടി അര്‍ധ സെഞ്ചുറി തികച്ചു. 30 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 58 റൺസ് നേടിയാണ് പുരാൻ പുറത്തായത്

കൃഷ്ണപ്പ ഗൗതം (11), രവി ബിഷ്‌ണോയ് (2), നവീനുല്‍ ഹഖ് (2) എന്നിവരാണ് ലഖ്‌നൗ നിരയിലെ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. അതേസമയം കൊല്‍ക്കത്തയ്‌ക്കായി ഷാര്‍ദുല്‍ താക്കൂര്‍, സുനില്‍ നരെയ്‌ന്, വൈഭവ് അറോറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button