പുലിമുരുകന്‍റെ റെക്കോര്‍ഡ് മറികടന്ന് 2018; ബോക്സോഫീസില്‍ പുതുചരിത്രമെന്ന് റിപ്പോര്‍ട്ട്

ബോക്സോഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ജൂഡ് ആന്തണി ജോസഫിന്‍റെ 2018. ആറരവര്‍ഷത്തോളം പുലിമുരുകന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്താണ് ബോക്സ് ഓഫീസില്‍ 2018 ന്‍റെ കുതിപ്പ്. ആഗോളതലത്തില്‍ 137 കോടിയിലധികം കളക്ഷനാണ് 2018 നേടിയതെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.
വെറും പതിനേഴു ദിവസത്തിനകമാണ് 2018 ഈ നേട്ടം സ്വന്തമാക്കിയത്. വിദേശ മാര്‍ക്കറ്റില്‍ കൈവരിക്കാനായ കളക്ഷനാണ് ചിത്രത്തിന് മുതല്‍ക്കൂട്ടായത്. 10 ദിവസത്തിനകം തന്നെ 2018 നൂറുകോടി പിന്നിട്ടിരുന്നു.
64 കോടി രൂപയോളമാണ് വിദേശ മാര്‍ക്കറ്റില്‍ നിന്നും 2018 നേടിയതെന്നാണ് കണക്കുകള്‍. കേരളത്തില്‍ നിന്ന് 65.25 കോടി രൂപയും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 8.4 കോടി രൂപയും നേടി. എന്നാല്‍ കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രമുള്ള കളക്ഷനില്‍ ഇപ്പോഴും പുലിമുരുകന്‍ തന്നെയാണ് മുന്നില്‍. കേരള ബോക്സ് ഓഫീസില്‍ നിന്ന് മാത്രം പുലിമുരുകന്‍ നേടിയത് 78.50 കോടിയായിരുന്നു
2018 ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ സദസിനു മുന്നില്‍ പ്രദര്‍ശനം തുടരുകയാണ്. അതുകൊണ്ടു തന്നെ കേരളത്തിലെ കളക്ഷനിലും അധികം വൈകാതെ ചിത്രം ഒന്നാമതെത്തുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
