kerala

ബ്രഹ്മപുരം പ്ലാന്‍റില്‍ അടിയന്തര പ്രവര്‍ത്തികള്‍ക്ക് അനുമതി വൈകിച്ച് തദ്ദേശവകുപ്പ്

ബ്രഹ്മപുരം മാലിന്യപ്ളാന്റില്‍ അടിയന്തരമായി നടപ്പാക്കേണ്ട പ്രവര്‍ത്തികള്‍ക്ക് കൊച്ചി നഗരസഭ മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയിട്ടും അനുമതി‌ വൈകിച്ച് തദ്ദേശവകുപ്പ്. കത്തിയെരിഞ്ഞ പ്ളാസ്റ്റിക് മാലിന്യത്തില്‍നിന്നുള്ള വിഷാംശം കാലവര്‍ഷത്തില്‍ ജലാശയത്തിലേക്കടക്കം പടരാതിരിക്കാനുള്ള ബണ്ട് നിര്‍മിക്കാനും ക്യാപിങ്ങിനുമായാണ് മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ സമര്‍പ്പിച്ചത്. കൊച്ചിയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പൊലീസും നഗരസഭയും ശക്തമായ നടപടിയെടുക്കുമ്പോഴാണ് തദ്ദേശവകുപ്പിന്റെ മെല്ലെപ്പോക്ക്. എസ്റ്റിമേറ്റ് തയാറാക്കി നല്‍കാന്‍ നഗരസഭയെ ചുമതലപ്പെടുത്തി ജില്ല കലക്ടര്‍ പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് ദൃശ്യ മാധ്യമങ്ങൾക്ക് ലഭിച്ചു.

ഒരുവശത്ത് നാട്ടുകാരെ ശുചിത്വബോധമുള്ളവരാക്കാന്‍ കേസും പിഴയുമായി പൊലീസും നഗരസഭയും മുന്നോട്ടുപോകുമ്പോള്‍ പെരുമഴക്കാലം എത്തുകയാണ്. ബ്രഹ്മപുരം പ്ളാന്റിനുള്ളില്‍ ഇതുവരെ ചെയ്തതും ഇനി ചെയ്യാന്‍ പോകുന്നതും അടക്കമുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടത് മേയ് എട്ടിനാണ്.

പ്ളാസ്റ്റിക് കത്തിയ ചാരത്തിലെ വിഷാംശം മഴയില്‍ ജലാശയങ്ങളില്‍ എത്താതിരിക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം. ഇതുപ്രകാരം കഴിഞ്ഞ 12ന് ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തദ്ദേശഭരണ ചീഫ് എന്‍ജിനീയറെ ചെയര്‍മാനാക്കി ടെക്നിക്കല്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ബ്രഹമപുരത്തെ കത്തിയ മാലിന്യത്തില്‍നിന്നുള്ള വിഷാംശം ജലാശയങ്ങളിലേക്ക് പടരാതിരിക്കാന്‍ ബണ്ട് നിര്‍മിക്കാനും ക്യാപിങ്ങിനും അടക്കമുള്ള നിര്‍ദേശവും എസ്റ്റിമേറ്റും സമര്‍പിക്കാന്‍ കമ്മിറ്റിയില്‍ അംഗമായ കൊച്ചി നഗരസഭയോടാണ് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം കഴിഞ്ഞ ബുധനാഴ്ച മൂന്നുകോടി രൂപയുടെ എസ്റ്റിമേറ്റ് നഗരസഭ നല്‍കി. ഈ എസ്റ്റിമേറ്റിന് തദ്ദേശവകുപ്പിന്റെ അനുമതി ലഭിച്ചശേഷം മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും അംഗീകാരം ലഭിച്ചാല്‍ മാത്രമെ പ്രവര്‍ത്തികള്‍ക്കായുള്ള ഫണ്ട് ലഭ്യമാക്കാന്‍ കഴിയൂ.

പെരുമഴ പെയ്യാറായി. മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്നവരുടെ ചിത്രങ്ങളടക്കം സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടിട്ടും ബ്രഹ്മപുരത്ത് സര്‍ക്കാര്‍ അടിയന്തരമായി നടപ്പാക്കേണ്ട സംവിധാനങ്ങള്‍ വൈകിക്കുന്നതിലാണ് ഇനി വിശദീകരണം വേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button