പോസ്റ്റ് ഓഫിസിൽ പാഴ്സലായി ഹാഷിഷ്; വാങ്ങാനെത്തിയ പ്രതി പിടിയില്‍

പത്തനംതിട്ട അടൂര്‍ ചൂരക്കോട് പോസ്റ്റ് ഓഫിസിൽ പാഴ്സലായി വന്ന 965 ഗ്രാം ഹാഷിഷ് പോലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. പാഴ്സല്‍ വാങ്ങാനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. അടൂർ ചൂരക്കോട് അറവിളയിൽ അരുൺ ആണ് ഡാൻസാഫ് സംഘത്തിന്റെയും, ഏനാത്ത് പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. യുവാവ് പോസ്റ്റ് ഓഫീസിൽ പാഴ്സൽ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് കുടുങ്ങിയത്. കാറും പോലീസ് പിടിച്ചെടുത്തു. ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാളുടെ വിലാസത്തിൽ പാഴ്സൽ എത്തിയത്. രാജ്യാന്തര വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരും. ജാക്കറ്റിനുള്ളിൽ പൊതിഞ്ഞ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പാർസൽ. നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുകു രൂപത്തിൽ ആയിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരം ഡാന്‍സാഫ് സംഘത്തിന് കൈമാറുകയായിരുന്നു. പ്രതി ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിവസ്തു എത്തിച്ചുകൊടുക്കാറുണ്ടെന്ന് പ്രതി മൊഴി നല്‍കി. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാൾക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്നതിനെക്കുറിച്ചും മറ്റും വിശദമായ അന്വേഷണം നടക്കുകയാണ്.
