സ്മാര്‍ട്ട് മീറ്റര്‍ ടെന്‍ഡര്‍ നിര്‍ത്തുന്നു; ബദല്‍മാര്‍ഗം തേടി സര്‍ക്കാര്‍

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്. ഊര്‍ജവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെഎസ്ഇബി ചെയര്‍മാനോടാണ് ഉത്തവിട്ടത്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധസമിതി റിപ്പോട്ടില്‍ സര്‍ക്കാര്‍തിരുമാനം വരുന്നതുവരെ എല്ലാ നടപടികളും നിര്‍ത്തണമെന്നാണ് ഉത്തരവില്‍. ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ടോട്ടല്‍ എക്സപെന്‍ഡിച്ചര്‍ അഥവാ ടോട്ടക്സ് രീതിയില്‍ സ്മാര്‍ട് മീറ്റര്‍ പദ്ധതി നടപ്പാക്കരുതെന്ന് തുടക്കംമുതല്‍ എല്ലാ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ബദല്‍ നിര്‍ദ്ദേശങ്ങളും അവര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. എന്നാല്‍ വൈദ്യുതി ബോര്‍ഡ് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോയി. മന്ത്രി കെ.കൃഷ്ണകുട്ടിയും സംഘടനാനേതാക്കളുമായി കഴിഞ്ഞമാസം നടത്തിയ ചര്‍ച്ചയില്‍ ടെന്‍ഡര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.അതും കെഎസ്ഇബി അവഗണിച്ചു.
പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കുന്നതിന് ഒരു ഉപഭോക്താവിന് 9000 രൂപ മുടക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടുണ്ട്. ബോര്‍ഡിന് 7830 കോടിരൂപയുടെ അധിക ബധ്യതവരുമെന്നും. ഉപയോക്താവ് സ്മാര്‍ട് മീറ്ററിന് വേണ്ടിവരുന്ന തുക 93 മാസം കൊണ്ട് സേവന ദാതാവിന് നല്‍കണം. പ്രതിമാസം350 രൂപ വൈദ്യുതി നിരക്ക് നല്‍കുന്നവര്‍ 150 രൂപഅധികം നല്‍കേണ്ടിവരും.ഈ ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് സംഘടനകളുടെവാദം.
