‘സര്‍വീസ് നിര്‍ത്തി സമരത്തിനില്ല’; ഒരുവിഭാഗം ബസ് ഉടമകള്‍

ബസ് സമരത്തെ ചൊല്ലി ഉടമകള്‍ തമ്മില്‍ ഭിന്നത. സര്‍വീസ് നിര്‍ത്തി സമരത്തിനില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍. പകരം, സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് മരണംവരെ നിരാഹാരം കിടക്കും. അതേസമയം, ജൂണ്‍ ഏഴു മുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് സംയുക്ത സമരസമിതിയും പ്രഖ്യാപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിക്കിപ്പിക്കണമെന്ന കാര്യത്തില്‍ ബസ് ഉടമകളുടെ സംഘടനകള്‍ക്ക് യോജിപ്പുണ്ട്. പക്ഷേ, സര്‍വീസ് നിര്‍ത്തിയുള്ള സമര പ്രഖ്യാപനത്തോട് സംഘടനകള്‍ തമ്മില്‍ യോജിപ്പില്ല. അടുത്തമാസം ഏഴുമുതല്‍ അനിശ്ചിതകാല സമരമെന്ന് ബസ് ഉടമ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു.
അതേസമയം, സര്‍വീസ് നിര്‍ത്തിയുള്ള സമരത്തിനില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. പകരം, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് ജൂണ്‍ അഞ്ചു മുതല്‍ തിരുവനന്തപുരത്ത് നിരാഹാരം കിടക്കും. തിരുവനന്തപുരത്ത് മന്ത്രി ആന്റണി രാജുവിന്റെ ഒൗദ്യോഗിക വസതിയിലെത്തി ഒരുവിഭാഗം ബസ്സുടമകള്‍ പണിമുടക്ക് നോട്ടിസ് നല്‍കി.അതേസമയം സ്വകാര്യബസ്സ് സമരം ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മുപ്പത്തിയ്യായിരം സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്ന കേരളത്തില്‍ ഇന്ന് അത്, ഏഴായിരമായി ചുരുങ്ങി. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പറയുന്നു. സ്കൂള്‍ തുറക്കുന്ന സമയത്ത് ഒരുവിഭാഗം ബസ് സര്‍വീസ് നിര്‍ത്തുമ്പോള്‍ യാത്രാദുരിതം ഉറപ്പാണ്.
