Spot Light

കല്ലേറില്‍ വലഞ്ഞ് വന്ദേഭാരത്; ആറുമാസത്തിനിടെ മാറ്റിയത് 64 ഗ്ലാസുകള്‍; ലക്ഷങ്ങളുടെ നഷ്ടം

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് പ്രീമിയം ട്രെയിന്‍ സര്‍വീസിന് കല്ലേറിനു മുന്നില്‍ അടിപതറുന്നു. ചെന്നൈ–ബെംഗളുരു–മൈസൂരു ട്രെയിനു നേെര മറ്റു ട്രെയിനുകള്‍ക്കൊന്നും ഉണ്ടാകാത്ത വിധമാണ് കല്ലേറ്. വന്ദേഭാരതിനെ മാത്രം ഇങ്ങനെ തിര‍ഞ്ഞുപിടിച്ചു കല്ലെറിയാനുള്ള കാരണം തേടി തലപുകയ്ക്കുയാണു ദക്ഷിണ റയില്‍വേയും ദക്ഷിണ–പശ്ചിമ റയില്‍വേയും. 2022 നവംബര്‍ 11നാണു ദക്ഷിണേന്ത്യയില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്. അന്നു മുതല്‍ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകളാണ് റയില്‍വേ പുറത്തുവിട്ടത്.

64 ജനല്‍പാളികള്‍ മാറ്റി, ലക്ഷങ്ങളുടെ നഷ്ടം

കല്ലേറിനെ തുടര്‍ന്ന് ഒറ്റ വന്ദേഭാരത് ട്രെയിനിന്റെ 64 ജനല്‍ ചില്ലുകളാണ് ഇതുവരെ മാറ്റിയിട്ടത്. വലിയ ജനല്‍ ചില്ലിന് 12,000 രൂപയാണു വില. മാറ്റിയിടാന്‍ കൂലിയായി 8000 രൂപയും വരും. ഇതു വച്ചു കണക്കുകൂട്ടിയാല്‍ തന്നെ കല്ലേറിനെ തുടര്‍ന്ന് റയില്‍വേയ്ക്കുണ്ടായ സാമ്പത്തിക ചെലവ് ലക്ഷങ്ങള്‍ കടക്കും. കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ ആക്രമണം. തമിഴ്നാട്ടില്‍ ഏഴു സംഭവങ്ങളിലായി ഏഴു ജനല്‍ ചില്ലുകള്‍ ഉടച്ചുകളഞ്ഞു. ബാക്കി ആക്രമണങ്ങളെല്ലാം ഉണ്ടായതു കര്‍ണാടകയിലാണ്. ബെംഗളുരു ഡിവിഷന് കീഴില്‍ മാത്രം 26 ജനല്‍ ചില്ലുകളാണ് വിവിധ സമയങ്ങളിലുണ്ടായ കല്ലേറുകളിലൂടെ തകര്‍ന്നത്. രാമനഗരയ്ക്കും മണ്ഡ്യയ്ക്കും ഇടയില്‍ വച്ചു 10 തവണ ആക്രമിക്കപ്പെട്ടു. 16 തവണ ബെംഗളുരു കന്റോണ്‍മെന്റിനും മേലൂരിനും ഇടയിലാണ് ആക്രണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

വന്ദേഭാരതിനെ തിരഞ്ഞുപിടിച്ച് കല്ലെറിയുന്നു.

ചെന്നൈ–മൈസുരു ശതാബ്ദി ട്രെയിന്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ തുടങ്ങിയിട്ടു കാലമേറെയായി. വന്ദേഭാരതിനോട് അടുത്തു നില്‍ക്കുന്ന വേഗതയില്‍ തന്നെയാണു ശതാബ്ദിയും ഈ റൂട്ടില്‍ ഓടുന്നത്. ചെറിയ മിനിറ്റുകളുടെ വ്യത്യാസം മാത്രമേ രണ്ടു ട്രെയിനുകളും തമ്മില്‍ മൈസുരുവില്‍ നിന്നു ചെന്നൈയില്‍ എത്താന്‍ എടുക്കുന്നൊള്ളൂ. ശതാബ്ദിക്കു നേരെ ഇതുവരെ കാര്യമായ ആക്രമണമുണ്ടായില്ല. ജനുവരി മുതല്‍ മേയ് വരെ രണ്ടു തവണയാണു കല്ലേറുണ്ടായത്. പക്ഷേ ഇതേ കാലയളവില്‍ 20ല്‍ അധികം തവണ വന്ദേഭാരതിനു നേരെ കല്ലെറുണ്ടായി. ഇതിന്റെ കാരണത്തെ കുറിച്ച് അനുമാനങ്ങള്‍ മത്രമേയൊള്ളൂ. ശതാബ്ദിയേക്കാള്‍ എത്രയോ വലിയ ജനല്‍ ചില്ലുകളാണ് വന്ദേഭാരതിന്. ഇതായിരിക്കാം കല്ലേറു വിരുതന്‍മാര്‍ക്ക് വന്ദേ ഭാരതിനോട് ഇത്രയ്ക്കു പ്രേമത്തിന് കാരണമെന്നാണു ആര്‍.പി.എഫ് പറയുന്നത്.

കല്ലേറ് വിനോദം. ഏറെയും കുട്ടികള്‍

ഇത്രയധികം കല്ലേറുണ്ടായിട്ടും വളരെ കുറച്ചു കേസുകളില്‍ മാത്രമേ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ട്രെയിനിനകത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് കല്ലേറുണ്ടായ സ്ഥലം കണ്ടെത്തിയാണു പ്രതികളിലേക്ക് എത്തുന്നത്. ഇങ്ങനെ പിടികൂടുന്നവരില്‍ ബഹുഭൂരിപക്ഷവും കുട്ടികളാണ്. കൗതുകത്തിന് കല്ലെറിഞ്ഞെന്ന പതിവ് മറുപടിയാണ് പലപ്പോഴും ആര്‍.പി.എഫിനു ലഭിക്കുന്നത്. മേയ് 6നു ആരക്കോണത്ത് വച്ചു കല്ലെറിഞ്ഞയാളെ പിടികൂടിയപ്പോള്‍ ആര്‍.പി.എഫ് പകച്ചു. പത്തുവയസിനു താഴെയുള്ള കുട്ടിയായിരുന്നു കുറ്റവാളി.

ഒടുവില്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി കൗണ്‍സിലിങ് നടത്തിയാണു കുട്ടിയെ വിട്ടയച്ചത്. രണ്ടു ജനല്‍ ചില്ലുകളാണ് അന്ന് കല്ലേറില്‍ തകര്‍ന്നത്. പിടികൂടിയവരില്‍ 10മുതല്‍ 18 വയസ് വരെയുള്ളവരാണ് കുറ്റവാളികള്‍ അധികം പേരുമെന്നതിനാല്‍ കൂടുതല്‍ നടപടിയെടുക്കാനും പരിമിതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ച്ചയായി ആക്രമണമുണ്ടാകുന്ന ഭാഗങ്ങളില്‍ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണ് റയില്‍വേ. കുട്ടികുറ്റവാളികളാണ് മുന്നിലെന്നതിനാല്‍ റയില്‍വേ ട്രാക്ക് കടന്നുപോകുന്ന മേഖലകളിലെ സ്കൂളുകളില്‍ കൗണ്‍സിങ് ആരംഭിക്കാനും റയില്‍വേ തീരുമാനിച്ചിട്ടുണ്ട്. വേനലവധിക്കു ശേഷം സ്കൂള്‍ തുറക്കുമ്പോള്‍ ആയിരിക്കും കൗണ്‍സിങ് തുടങ്ങുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button