വെള്ളായണി കാര്‍ഷിക കോളജില്‍ സഹപാഠിയെ പൊള്ളലേല്‍പ്പിച്ച വിദ്യാര്‍ഥിനി കസ്റ്റഡിയില്‍

തിരുവനന്തപുരം വെള്ളായണി കാർഷിക കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച് സഹപാഠി. ആന്ധ്ര സ്വദേശിയായ നാലാംവർഷ വിദ്യാർഥിനി ദീപികയ്ക്കാണ് പൊള്ളലേറ്റത്. പൊള്ളലേൽപിച്ച ആന്ധ്ര സ്വദേശിയായ സഹപാഠി ലോഹിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോഹിതയെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും.
ഇക്കഴിഞ്ഞ 19 ന് രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ വച്ച് ദീപികയെ സഹപാഠി ലോഹിത പൊള്ളലേൽപ്പിച്ചത്. ഇൻഡക്ഷൻ സ്റ്റൗവിൽ പാത്രം ചൂടാക്കി പൊള്ളിക്കുകയായിരുന്നു. മൊബൈൽ ചാർജർ കൊണ്ട് തലയ്ക്കടിച്ചും പരുക്കേൽപ്പിച്ചു. ദീപികയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അക്രമത്തിന്റെ കാരണം വിശദീകരിച്ചു.
സംഭവത്തിന് ശേഷം ദീപികയും ലോഹിതയും ആരോടും പറയാതെ ഹോസ്റ്റൽ വിട്ടിരുന്നു. തുടർന്ന് അധ്യാപകരും സുഹൃത്തുക്കളും ബന്ധപ്പെട്ടപ്പോഴാണ് വിവരം പുറത്തറിയുന്നത്. ലോഹിതയ്ക്ക് മെസിൽ നിന്ന് ഭക്ഷണം ഉൾപ്പെടെ എത്തിച്ച് നൽകുന്നത് ദീപിക ആയിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. അതിക്രമത്തിൽ നടപടിയെടുക്കുന്നതിൽ കോളജിന് വീഴ്ച സംഭവിച്ചെന്ന് വിദ്യാർഥികൾ സംഘടനകളുടെ ആരോപണം ഡീൻ തള്ളി. ലോഹിത ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
