റിസര്‍വോയറില്‍ ഫോണ്‍ വീണു; തിരിച്ചെടുക്കാന്‍ 21 ലക്ഷം ലിറ്റര്‍ ജലം വറ്റിച്ചു; സസ്പെന്‍ഷന്‍

റിസര്‍വോയറില്‍ വീണ വിലകൂടിയ ഫോൺ തിരിച്ചെടുക്കാന്‍ സംഭരണിയിലെ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഛത്തീസ്‌ഗഡിലെ ഖേർകട്ട അണക്കെട്ടിലാണ് സംഭവം. അവധിക്കാലം ആഘോഷിക്കാന്‍ അണക്കെട്ട് പരിസരത്ത് എത്തിയതായിരുന്നു കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് വിശ്വാസ്. സുഹൃത്തുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ രാജേഷിന്‍റെ ഒരു ലക്ഷം രൂപ വിലയുള്ള സ്മാർട്ട്‌ഫോൺ വെള്ളത്തിൽ വീണു. പ്രദേശവാസികൾ ഫോണിനായി വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് ഫോണ്‍ തിരിച്ചെടുക്കാന്‍ ഉപയോഗശൂന്യമെന്ന് കാണിച്ച് വെള്ളംവറ്റിക്കാൻ പ്രാദേശിക ഡിവിഷനൽ ഓഫിസറിന്‍റെ വാക്കാല്‍ അനുമതി രാജേഷ് വാങ്ങുന്നത്. പിന്നെ ഒന്നും നോക്കിയില്ല മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലീറ്റർ വെള്ളം ഒഴുക്കി കളഞ്ഞു. 1,500 ഏക്കർ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. ഇതോടെ ജലവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പിങ് തടയുകയായിരുന്നു.
പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് അനുമതി വാങ്ങാതിരിക്കുകയും ചെയ്തതിന് ജില്ലാ കലക്ടര്‍ രാജേഷ് വിശ്വാസിനെ സസ്പെന്‍ഡ് ചെയ്തു. അഞ്ചടി വരെ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. രാജേഷിന് ഫോണ്‍ തിരികെ ലഭിച്ചെങ്കിലും മൂന്നു ദിവസം വെള്ളത്തിൽ കിടന്നതിനാൽ ഉപയോഗശൂന്യമായ നിലയിലാണ്.
ഉദ്യോഗസ്ഥന്‍റെ പ്രവൃത്തിക്കെതിരെ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങ് രംഗത്തെത്തി. ഈ പ്രദേശത്തെ പൂർവിക സ്വത്തായാണ് സ്വേച്ഛാധിപത്യ സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ കണക്കാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. . കൊടും ചൂടിൽ ജനങ്ങൾ കുടിവെള്ളത്തിനായി വാട്ടർ ടാങ്കറുകളെ ആശ്രയിക്കുമ്പോഴാണ് സർക്കാർ ഉദ്യോഗസ്ഥൻ വെള്ളം ഒഴുക്കികളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അറിവില്ലെന്നും അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്നും മന്ത്രി അമർജിത്ത് ഭഗത് പ്രതികരിച്ചു.
