പാമ്പുകടിയേറ്റ് കുഞ്ഞു മരിച്ചു; മൃതദേഹവും തോളിലേറ്റി അമ്മ നടന്നത് 6 കിലോ മീറ്റര്‍

റോഡില്ലാത്തതിനാല്‍ പാമ്പു കടിയേറ്റ കുഞ്ഞിന്‍റെ മൃതദേഹവും ചുമന്ന് അമ്മ നടന്നത് ആറു കിലോ മീറ്റര്‍. തമിഴ്നാട് വെല്ലൂര്‍ ജില്ലയിലാണ് സംഭവം. വീട്ടിലേക്ക് സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാലാണ് കുഞ്ഞിന്‍റെ മൃതദേഹവും ചുമന്ന് അമ്മയ്ക്ക് കിലോമീറ്ററുകളോളം നടക്കേണ്ടി വന്നത്. കുഞ്ഞിന്‍റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് റോഡ് മോശമായതോടെ ഇവരെ പാതി വഴിയില്‍ ഇറക്കിവിടുകയായിരുന്നു.
കൂലിപ്പണിക്കാരനായ വിജയിയുടെയും പ്രിയയുടെയും 18 മാസം പ്രായമായ മകള്‍ ധനുഷ്ക വെള്ളിയാഴ്ച രാത്രിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങിക്കിടക്കുകയായുരുന്ന കുട്ടിയെ പാമ്പുകടിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഉടന്‍ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും റോഡില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്താന്‍ വൈകി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്‍റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റിവിടുകയായിരുന്നു. എന്നാല്‍ റോഡ്ഗ താഗതയോഗ്യമല്ലാത്തതിനാല്‍ ആംബുലന്‍സ് ജീവനക്കാരന്‍ ഇവരെ പാതിവഴിയില്‍ ഇറക്കിവിടുകയായിരുന്നു.തുടര്‍ന്ന് മൃതദേഹവുമായി കുറച്ചു ദൂരം ഒരാളുടെ ബൈക്കില്‍ സഞ്ചരിച്ചു. എന്നാല്‍ റോഡില്ലാത്തതിനാല്‍ അയാളും ഇറക്കിവിട്ടതോടെയാണ് ഗത്യന്തരമില്ലാതെ കുഞ്ഞിന്‍റെ മൃതദേഹവും ചുമന്ന് പ്രിയ ആറുകിലോമീറ്റര്‍ നടന്ന് വീട്ടിലെത്തിയത്.മതിയായ റോഡുണ്ടായിരുന്നെങ്കില്‍ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ അണ്ണൈക്കാട്ടു പോലീസ് കേസെടുത്തു.
എന്നാല്‍ കുട്ടിയുടെ ബന്ധുക്കള്‍ പാമ്പു കടിയേറ്റയുടന്‍ ആശ വര്‍ക്കറുമായി ബന്ധപ്പെട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ മിനി ആംബുലന്‍സ് ഏര്‍പ്പാടാക്കുമായിരുന്നുവെന്നും പ്രഥമശ്രുശ്രൂഷ നല്‍കാന്‍ സാധിക്കുമായിരുന്നുവെന്നും ജില്ലാകലക്ടര്‍ ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. 1500 പേരോളം താമസിക്കുന്ന ഈ പ്രദേശത്തേക്ക് റോഡു നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ വ്യകതമാക്കി.
സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ദുഃഖം രേഖപ്പെടുത്തി. കുഞ്ഞിന്‍റെ മരണത്തിന്‍റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.
