ഐപിഎല്‍ കിരീടം ചെന്നൈ സൂപ്പര്‍ കിങ്സിന്; ജയം അവസാന പന്തില്‍

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് കിരീടമുയര്‍ത്തി. മഴ മൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ജയിക്കാന്‍ 171 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ അവസാന പന്തിലാണ് ജയം കണ്ടത്. ആറു പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ചത്.
മികച്ച തുടക്കമായിരുന്നു ചെന്നൈയ്ക്കു ലഭിച്ചത്. റണ്‍സ് റേറ്റ് താഴാതെ ശ്രദ്ധാപൂര്‍വമായിരുന്നു ഓപ്പണര്‍മാരായ ഗെയ്ക്ക്‌വാദും ഡെവൻ കോൺവേയും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. സിംഗിളുകളിലൂടേയും ഡബിളുകളിലൂടെയും ഇരുവരും സ്കോര്‍ ഉയര്‍ത്തി. സ്കോര്‍ 74 ല്‍ നില്‍ക്കെ ഗുജറാത്ത് കാത്തിരുന്ന ആദ്യ വിക്കറ്റ് വീണു. 26 റണ്‍സെടുത്ത ഗെയ്ക്ക്‌വാദ് പുറത്ത്. പിന്നാലെ 47 റണ്‍സെടുത്ത ഡെവൻ കോൺവേയും പുറത്ത്. രണ്ടു വിക്കറ്റും നൂര്‍ അഹമ്മദിന്. അജിങ്ക്യ രഹാനയും റായിഡും കൂറ്റന്‍ അടികളുമായി ഗുജറാത്തിന്റെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും ആയുസുണ്ടായിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ധോണി പുറത്തായതോടെ ചെന്നൈ ഒരു ഘട്ടത്തില്‍ തോല്‍വി ഉറപ്പിച്ചു. എന്നാല്‍ അവസാന ഓവറുകളിലെ തകര്‍പ്പന്‍ അടികള്‍ ചെന്നൈയെ അഞ്ചാം കിരീട നേട്ടത്തിലെത്തിച്ചു.
