11കാരിയെ ഫേസ്ബുക്കിലൂടെ വശീകരിച്ചു; ലൈംഗിക പീഡനം; ‘ഹൈദരാബാദ് ഷെയ്ഖ്’ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു വര്‍ഷത്തോളമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് പതിനൊന്നുകാരിയെ യുവാവ് പീഡിപ്പിച്ചത്. ഫേസ്ബുക്കിലൂടെ വളര്‍ന്ന സൗഹൃദത്തിന് പിന്നാലെ പെണ്‍കുട്ടിയെ ലാത്തൂരിലെത്തിച്ച് യുവാവ് പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഖോരഖ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി.
കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതിനൊപ്പം പെണ്‍കുട്ടിയുടെ മുറിയില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു മൊബൈല്‍ നമ്പറുകള്‍ വീട്ടുകാര്‍ കണ്ടെത്തി. ഇതിലൊരു നമ്പരിലേക്ക് വിളിച്ചപ്പോള്‍ താന്‍ ഹൈദരാബാദ് ഷെയ്ഖ് ആണെന്നും പെണ്‍കുട്ടി തനിക്കൊപ്പമുണ്ട്, അവളെക്കുറിച്ച് ഇനി മറന്നേക്കൂ എന്നുമായിരുന്നു മറുപടി.
ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, പോസ്കോ എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. മനുദ്ദീന്‍ ബാദുരെ എന്നയാളാണ് പൊലീസ് പിടിയിലായത്. ഇയാള്‍ പൊലീസ് പിടിയിലായതിനു ശേഷമാണ് ഏകദേശം രണ്ടു വര്‍ഷത്തോളമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന വിവരം അറിയുന്നത്.
