kerala

ടൂത്ത് പേസ്റ്റിന് എംആര്‍പിയെക്കാള്‍ അധികവില ഈടാക്കിയതിന് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ പിഴയടക്കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി

ടൂത്ത് പേസ്റ്റിന് എംആര്‍പിയെക്കാള്‍ അധികവില ഈടാക്കിയതിന് സൂപ്പര്‍ മാര്‍ക്കറ്റ് 10,000 രൂപ പിഴയടക്കണമെന്ന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന്റെ വിധി.മഞ്ചേരി അരുകിഴായ സ്വദേശി നിര്‍മല്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ 23നാണ് പരാതിക്കാരന്‍ മഞ്ചേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ടൂത്ത് പേസ്റ്റ് വാങ്ങിയത്. എംആര്‍പി 164 രൂപയായിരുന്ന ടൂത്ത് പേസ്റ്റിന് 170 രൂപയാണ് ഈടാക്കിയത്.

അധികതുക തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ വിലക്കേ നല്‍കാനാകൂവെന്നും വേണമെങ്കില്‍ മറ്റെവിടെനിന്നെങ്കിലും സാധനം വാങ്ങിക്കാമെന്നുമായിരുന്നു പ്രതികരണം. തുടര്‍ന്നാണ് ഉപഭോക്തൃ കമീഷനില്‍ പരാതി നല്‍കിയത്. സ്‌കാനര്‍ ഉപയോഗിച്ച്‌ നല്‍കുന്ന ബില്ലാണെന്നും പിഴവില്ലെന്നും പരാതിക്കാരന്‍ ഹാജറാക്കിയത് സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് നല്‍കിയ ടൂത്ത്‌പേസ്റ്റല്ലെന്നും കടയുടമയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പരാതി നല്‍കിയതാണെന്നുമാണ് എതിര്‍കക്ഷി ബോധിപ്പിച്ചത്.

എന്നാല്‍, ഒരു ഉപഭോക്താവിനോട് എങ്ങനെ പെരുമാറരുതെന്നതിന്റെ ഉദാഹരണമാണ് പരാതിക്കാരന്റെ അനുഭവമെന്നും ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അധികവില ഈടാക്കിയത് തിരിച്ചുനല്‍കുന്നതോടൊപ്പം 10,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നല്‍കണമെന്നും ഉപഭോക്തൃ കമീഷന്‍ വിധിച്ചു.

കോടതി ചെലവിനത്തില്‍ 3000 രൂപ ലീഗല്‍ ബെനഫിറ്റ് ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടു. വിധിയുടെ കോപ്പി കിട്ടി ഒരു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്തപക്ഷം ഹര്‍ജി തീയതി മുതല്‍ ഒമ്ബതു ശതമാനം പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സിവി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button